Kerala News

ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച കേസ്; കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് പരാതി

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന കേസിൽ പൊലീസും സർക്കാരും അനാസ്ഥ കാട്ടുന്നുവെന്ന് ബന്ധുക്കളുടെ പരാതി. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയെ തുടർന്ന് ആലപ്പുഴ പഴയവീട് സ്വദേശി ആശ ശരത്ത് മരണപ്പെട്ടിരുന്നു. ചികിത്സാ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത് വന്നിട്ടും കേസ് അന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് ആരോപിച്ചാണ് കുടുംബാംഗങ്ങൾ പരാതി ഉന്നയിക്കുന്നത്. വിദഗ്ദ ഡോക്ടർമാർ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ റിപ്പോർട്ട് പുറത്ത് വന്നതോടെ കേസ് അന്വേഷിക്കാൻ നിർബന്ധിതരായെങ്കിലും പൊലീസ് അനാസ്ഥ കാട്ടുകയാണെന്ന് ഭർത്താവ് ശരത് ചന്ദ്രൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും ആശുപത്രി അധികൃതരെയും സംരക്ഷിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കളക്ടറെയും ജില്ലാ പൊലീസ് മേധാവിയെയും നേരിൽ കണ്ട് പരാതി നൽകിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും ബന്ധുക്കൾ പറഞ്ഞു.

ശസ്ത്രക്രിയയിൽ ഉണ്ടായ സങ്കീർണ്ണതകളും ഹൃദയ സ്തംഭനവും ആണ് ആശയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ സൂചന. ഇതനുസരിച്ച് കേസ് അന്വേഷണം മുന്നോട്ട് പോകണമെങ്കിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുന്നത് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കണം. എന്നാൽ പോലീസും സർക്കാരും ഇക്കാര്യങ്ങളിൽ കാട്ടുന്ന അനാസ്ഥ കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

Related Posts

Leave a Reply