Entertainment India News

‘സംഘി’ മോശം വാക്കല്ല; ഐശ്വര്യ പറഞ്ഞത് ആ അര്‍ഥത്തിലല്ല: മകളെ പിന്തുണച്ച് രജനീകാന്ത്

രജനികാന്ത് സംഘിയല്ലെന്ന മകള്‍ ഐശ്വര്യയുടെ വാക്കുകളില്‍ വിശദീകരണവുമായി താരം. സംഘിയെന്ന വാക്ക് മോശമാണെന്നല്ല മകള്‍ പറഞ്ഞതെന്നും ആ അര്‍ഥത്തിലല്ല പ്രയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു. അച്ഛന്‍ ആത്മീയ പാതയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹത്തെ സംഘിയെന്ന് മുദ്രകുത്തുന്നതിനെയാണ് ഐശ്വര്യ ചോദ്യം ചെയ്തതെന്നും രജിനി കൂട്ടിച്ചേര്‍ത്തു. എൻഡി ടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ വച്ച് നടന്ന ലാല്‍സലാമിന്‍റെ ഓഡിയോ ലോഞ്ചിനിടെയാണ് ഐശ്വര്യ വികാരാധീനയായി സംസാരിച്ചത്. സംഘി എന്നത് മോശം വാക്കാണെന്ന് തന്‍റെ മകള്‍ എവിടെയും പറഞ്ഞിട്ടില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ”എന്‍റെ മകള്‍ ഒരിക്കലും സംഘി എന്ന വാക്ക് മോശമാണെന്ന് പറഞ്ഞിട്ടില്ല. അച്ഛന്‍റെ ആത്മീയതയെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നതെന്നാണ് അവള്‍ ചോദിച്ചത്.” താരം പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതോടെയാണ് രജനീകാന്തിനെതിരെ വിമര്‍ശനം ശക്തമായത്. ഇതോടെ തന്‍റെ പുതിയ ചിത്രം ലാല്‍ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെ ഐശ്വര്യ രംഗത്തെത്തുകയായിരുന്നു. തന്‍റെ പിതാവ് സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വിമർശനങ്ങൾ വരുമ്പോൾ ദേഷ്യം വരാറുണ്ടെന്നുമാണ് ഐശ്വര്യ പറഞ്ഞത്.

Related Posts

Leave a Reply