കൊല്ലം : മാത്യു കുഴൽനാടൻ എം എൽ എ സർക്കാർ ഭൂമി കയ്യേറിയിട്ടില്ലെന്ന് ചിന്നക്കനാലിലെ റിസോർട്ടും ഭൂമിയും എം എൽ എയ്ക്ക് വിറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി പീറ്റർ ഓസ്റ്റിൻ. എം എൽ എയ്ക്ക് കൈമാറിയ ഭൂമിയിൽ വിവാദമായ 50 സെന്റില്ല. കെട്ടിട നമ്പർ ഇല്ലാത്തതുകൊണ്ടാണ് 1000 ചതുരശ്ര അടിയുടെ കെട്ടിടം രേഖകളിൽ കാണിക്കാതിരുന്നതെന്നും പീറ്റർ ഓസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാത്യു കുഴൽനാടൻ ഭൂമി കയ്യേറുകയോ മതിൽ കെട്ടുകയോ ചെയ്തിട്ടില്ലെന്നും വാർത്ത വന്നപ്പോഴാണ് ഇക്കാര്യം ശ്രദ്ധിക്കുന്നതെന്നും മാത്യു റീറ്റെയ്നിങ് വാൾ കെട്ടുക മാത്രമാണ് ചെയ്തതെന്നും പീറ്റര്‍ ഓസ്റ്റിൻ പറയുന്നു
പീറ്ററിന്റെ ഭാര്യയുടെ അമ്മയുടെ പേരിലുള്ള 4000 ചതുരശ്ര അടിയുള്ള റിസോർട്ടും അച്ഛന്റെ പേരിലുണ്ടായിരുന്ന സ്ഥലവും കെട്ടിടങ്ങളുമാണ് 2021 ൽ മാത്യു കുഴൽനാടന് വിറ്റത്. ന്യായവിലയേക്കാൾ ഉയർന്ന വിലയ്ക്കായിരുന്നു ഒരു ഏക്കർ 20 സെൻ്റ് ഭൂമി ഉൾപ്പെടെ വിറ്റത്.
