Kerala News

ബിഹാറില്‍ മഹാസഖ്യം വീണു; നിതിഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു

ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതിഷ് കുമാര്‍ രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. വൈകുന്നേരത്തോടെ നിതിഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതിഷ് തിരിച്ചെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത് 9ാം തവണയാണ് നിതിഷ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പോകുന്നത്.

ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നിതിഷ് കുമാര്‍ ബിജെപി പാളയത്തിലേക്കെത്തുന്നത്. നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി എംഎല്‍എമാര്‍ കത്ത് നല്‍കും. അടുത്ത ദിവസം ജെഡിയു, ബിജെപി എംഎല്‍എമാര്‍ക്ക് നിതിഷ് കുമാര്‍ തന്റെ വസതിയില്‍ വിരുന്നൊരുക്കുന്നുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. രാജിവക്കുന്നതിന് മുന്‍പത്തെ നിതിഷ് കുമാര്‍ മന്ത്രിസഭയിലെ ആര്‍ജെഡി മന്ത്രിമാരുടെ സ്ഥാനത്തേക്ക് ബിജെപി എംഎല്‍എമാരെത്തിയേക്കും.

ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രേണു ദേവിയുടെയും തര്‍ക്കിഷോര്‍ പ്രസാദിന്റെയും പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രസാദിന് പകരം സുശീല്‍ മോദിയെ തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് ജെഡിയുവും ബിജെപിയും തമ്മിലുള്ള കൂടിയാലോചനകള്‍ക്ക് ശേഷം അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ ഉപമുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്നതില്‍ നിതിഷിന് മുഖ്യസ്ഥാനമുണ്ടായിരിക്കും.

ജെഡിയുവിലെ തന്നെ ഒരു വിഭാഗം ഇപ്പോഴും നിതിഷിനെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപി നിതിഷിന് നല്‍കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നിര്‍ണായക നീക്കങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതിഷ് കുമാറിന് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. അമിത് ഷായുടെ തന്ത്രപരമായ ഇടപെടലുകളും ബിഹാര്‍ മഹാസഖ്യത്തിന്റെ പതനത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.താന്‍ രാജിവച്ചുവെന്നും മഹാസഖ്യം അവസാനിപ്പിക്കുന്നുവെന്നും സത്യപ്രതിജ്ഞ ഉടനുണ്ടാകുമെന്നും നിതിഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ എന്തുകൊണ്ട് മഹാസഖ്യമുപേക്ഷിച്ചെന്ന ചോദ്യത്തിന് നിതിഷ് മറുപടി നല്‍കിയില്ല. ഇന്ത്യാ സഖ്യത്തിന്റെ യോഗം നടന്നപ്പോള്‍ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിതിഷിന്റെ പേര് സിപിഐഎം അടക്കം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ തൃണമൂലിന്റെ മമതാ ബാനര്‍ജി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം പിന്നീടെടുക്കാമെന്ന് രാഹുല്‍ ഗാന്ധി അറിയിക്കുകയായിരുന്നു. ഇതും നിതിഷിന്റെ മറുകണ്ടം ചാടുന്നതിന് കാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Posts

Leave a Reply