Kerala News

എല്ലാ ആശുപത്രികളിലും പണഹരിത ചികിത്സ; ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസം

ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ആശ്വാസമായി ക്യാഷ്‌ലെസ് എവരിവേര്‍ സംവിധാനം ആരംഭിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍(ജിഐസി). ഇതോടെ റീഇംബേഴ്‌സ്‌മെന്റ് അടക്കമുള്ളവയ്ക്കായി പോളിസി ഉടമകള്‍ കാത്തിരിക്കേണ്ടതില്ല. ചികിത്സയ്ക്കായി ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം. ഇന്‍ഷുറന്‍സ് കമ്പനി ശൃംഖലയുടെ ഭാഗമല്ലാത്ത ആശുപത്രികളിലും ക്യാഷ്‌ലെസ് എവരിവേര്‍ സൗകര്യം ലഭിക്കും.

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐആര്‍ഡിഎഐ) കീഴില്‍ രജിസ്റ്റര്‍ ചെയ്ത ജനറല്‍ ഇന്‍ഷുറര്‍മാരുടെ പ്രതിനിധി സംഘടനയാണ് ജിഐസി. ഇന്‍ഷുറര്‍മാരുടെ ആശുപത്രി ശൃംഖല പരിഗണിക്കാതെ തന്നെ പോളിസി ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ ഇഷ്ടപ്പെട്ട ആശുപത്രികള്‍ ചികിത്സയ്ക്കായി തിരഞ്ഞെടുക്കുന്നതിനാണ് പുതിയ പണരഹിത സൗകര്യം. എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായും കൂടിയാലോചിച്ചാണ് പണരഹിത സൗകര്യം ആരംഭിച്ചതെന്ന് ജിഐസി അറിയിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുമായി ബന്ധമുള്ള ആശുപത്രികളുടെ ശൃംഖലയിലേക്ക് മാത്രമാണ് പണരഹിത സൗകര്യം ഇതുവരെ നല്‍കിയിരുന്നത്. ക്ലെയിം അനുവദനീയമാണെങ്കില്‍, ഇന്‍ഷുറന്‍സ് കമ്പനി മുഴുവന്‍ ചെലവും വഹിക്കുന്നതിനാല്‍ പോളിസി ഉടമകള്‍ ചികിത്സകള്‍ക്കായി അവരുടെ കയ്യില്‍ നിന്ന് പണം നല്‍കേണ്ടതില്ല. എന്നാല്‍ പോളിസി ഉടമയ്ക്ക് ഇന്‍ഷുറര്‍മാരുടെ ആശുപത്രി ശൃംഖലയ്ക്ക് പുറത്ത് ചികിത്സിക്കണമെങ്കില്‍, കയ്യില്‍ നിന്ന് പണമടയ്ക്കുകയും പിന്നീട് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ബില്ലുകള്‍ തിരികെ ലഭിക്കുകയും വേണം. പണരഹിത സൗകര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ പ്രക്രിയ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്. ക്യാഷ്ലെസ് എവരിവേര്‍ സൗകര്യം ഉപയോഗിച്ച് പോളിസി ഹോള്‍ഡര്‍മാര്‍ അവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍ ആശുപത്രികളുടെ ശൃംഖല നോക്കേണ്ടതില്ല. ചികിത്സയ്ക്കായി ഏത് ആശുപത്രിയെയും സമീപിക്കാം. ക്യാഷ്ലെസ് സൗകര്യം കിട്ടുന്നതിന് പോളിസി ഹോള്‍ഡര്‍മാര്‍ 48 മണിക്കൂര്‍ മുമ്പെങ്കിലും നടപടിക്രമവും എമര്‍ജന്‍സി ഹോസ്പിറ്റലൈസേഷനും ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കണം.

Related Posts

Leave a Reply