Kerala News

15-ാം കേരള നിയമസഭയുടെ 10-ാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഫെബ്രുവരി അഞ്ചിന് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിന് എതിരായ വിമർശനങ്ങൾ ഗവർണർ അതെപടി വായിക്കാൻ തയ്യാറാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. മാസപ്പടി വിവാദവും ധനപ്രതിസന്ധിയുമാകും പ്രതിപക്ഷത്തിൻ്റെ ആവനാഴിയിലെ പ്രധാന ആയുധങ്ങൾ. നവകേരള സദസ്സിൻ്റെ വിജയം നൽകിയ ആത്മവിശ്വാസവുമായാണ് ഭരണപക്ഷം സഭയിലെത്തുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പ് കാഹളമുയരാൻ നാളുകൾ മാത്രം ബാക്കിനിൽക്കെ നിയമസഭ സമ്മേളിക്കുമ്പോൾ ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലിൻ്റെ വീറിനും വാശിക്കും ഒട്ടും കുറവുണ്ടാകില്ല. ഈ വർഷത്തെ ആദ്യ സമ്മേളനമായതിനാൽ രാവിലെ 9 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. ഇടഞ്ഞു നിൽക്കുകയാണെങ്കിലും കഴിഞ്ഞ തവണത്തെപോലെ നയപ്രഖ്യാപനത്തിൻ്റെ കാര്യത്തിൽ ഗവർണർ അനിശ്ചിതത്വം സൃഷ്ടിക്കാഞ്ഞത് സർക്കാരിന് ആശ്വാസമായിട്ടുണ്ട്. എന്നാല്‍ കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ അടങ്ങിയ നയപ്രഖ്യാപനം ഗവർണർ അതേപടി വായിക്കുമോ എന്ന ആകാംക്ഷ ബാക്കിയാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ കമ്പനി രജിസ്ട്രാറുടെ ഗുരുതരമായ കണ്ടെത്തലുകൾ ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ കടന്നാക്രമിച്ച് കൊണ്ടാകും പ്രതിപക്ഷത്തിൻ്റെ കരുനീക്കങ്ങൾ. ഒപ്പം സംസ്ഥാനത്തെ ധന പ്രതിസന്ധി, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവർക്ക് എതിരായ പൊലീസ് നടപടി ഇവയെല്ലാം പ്രതിപക്ഷം സജീവ ചർച്ചയാക്കും. പ്രതിപക്ഷ ബഹിഷ്കരണത്തിനിടയിലും കേരളീയവും നവകേരള സദസ്സും ജനങ്ങളെറ്റെടുത്തു എന്നതാകും ഭരണപക്ഷ പ്രതിരോധം. ഡൽഹിയിൽ കേന്ദ്രത്തിന് എതിരായ സമരം പ്രതിപക്ഷം ബഹിഷ്കരിച്ചതും ഭരണപക്ഷം രാഷ്ട്രീയ ആയുധമാക്കും. മാത്യൂ കുഴൽ നാടനെതിരെ ഉയർന്ന ഭൂമി കയ്യേറ്റവും ഭരണപക്ഷത്തിന് ആയുധമാകും. ഫെബ്രുവരി അഞ്ചിനാണ് സംസ്ഥാന ബജറ്റ്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ ബജറ്റ് പോലെ അധിക നികുതി ഭാരം അടിച്ചേൽപിക്കാൻ സാധ്യത കുറവാണ്. മാർച്ച് 27 വരെയായി 32 ദിവസങ്ങളാണ് സഭ സമ്മേളിക്കുക.

Related Posts

Leave a Reply