Kerala News

പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

ആലപ്പുഴയില്‍ പ്രസവ നിര്‍ത്തല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയവീട് സ്വദേശി ശരത്തിന്റെ ഭാര്യ 31കാരിയായ ആശ ആണ് മരിച്ചത്. ഇന്നലെ ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ വെച്ചു നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ആശയ്ക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നിയത്. ഗുരുതരാവസ്ഥയിലായ ആശയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് വൈകിട്ടോടെ മരിച്ചു.വനിതാ ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ആലപ്പുഴ കണിയാകുളം ജങ്ഷനിലെ സ്വകാര്യ മെഡിക്കല്‍ സ്‌റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ തന്നെ ശസ്ത്രക്രിയ തുടങ്ങി. പെട്ടെന്നാണ് രോഗി അസ്വസ്ഥത കാണിച്ചത്. ആശുപത്രിയിലെതന്നെ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമുണ്ടായതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ബന്ധുക്കള്‍ പ്രതിഷേധിച്ചതോടെയാണ് 45 മിനിറ്റിനുശേഷം ആശയെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചിടിത്സയിലിരിക്കെയാണ് മരണം. ലാപ്രോസ്‌കോപിക് സര്‍ജറിക്ക് സാധാരണ സങ്കീര്‍ണതകളൊന്നുമുണ്ടാകാറില്ല. കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശയുടെ ഭര്‍ത്താവ് ശരത്ത് വിദേശത്താണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ എന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

Related Posts

Leave a Reply