Kerala News

കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ

കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ച രസകരമായ സംഭവമാണ് അരങ്ങേറിയത്. വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തിൽ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഈ വിരുതൻ പരീക്ഷയെഴുതാൻ എത്തിയത്. എന്നാൽ സംശയം തോന്നിയ ഇൻവിജിലേറ്റർമാർ പൊലീസിൽ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്.

പരീക്ഷയെഴുതാൻ മടിയുള്ളവർ സുഹൃത്തുക്കളോട് ‘എനിക്ക് പകരം നീ പരീക്ഷ എഴുതുമോ?’ എന്ന് ചോദിക്കുന്നത് പതിവാണ്. ഒരു തമാശ എന്നതിലുപരി അത് ആരും കാര്യമായി എടുക്കാറില്ല. പക്ഷേ പറയുന്നത് കാമുകിയാണെങ്കിലോ? ഇത്തരത്തിൽ കാമുകിയെ സഹായിക്കാൻ വേഷം മാറി പരീക്ഷാ കേന്ദ്രത്തിലെത്തി പിടിയിലായിരിക്കുകയാണ് പഞ്ചാബിൽ നിന്നുള്ള ഒരു യുവാവ്. ഫാസിൽകയിൽ നിന്നുള്ള അംഗ്‌രേസ് സിംഗാണ് കാമുകി പരംജിത് കൗറിന് പകരം പരീക്ഷ എഴുതാൻ എത്തിയത്.

ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ജനുവരി ഏഴിന് ഒരു പരീക്ഷ നടത്തിയിരുന്നു. കോട്‌കപുര ഡിഎവി പബ്ലിക് സ്കൂളിലാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഈ പരീക്ഷ സംഘടിപ്പിച്ചത്. ഈ പരീക്ഷ എഴുതാൻ പരംജിത് കൗറിന് പകരം സ്ത്രീരൂപത്തിൽ എത്തിയത് കാമുകൻ അംഗ്‌രേസ് സിംഗാണ്. ചുണ്ടിൽ പിങ്ക് ലിപ്സ്റ്റിക്കും പുരട്ടി, കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞ് സ്ത്രീ രൂപത്തിലാണ് ഇയാൾ എത്തിയത്.

പരംജിത് കൗറി ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ എല്ലാം വ്യാജമായി ഉണ്ടാക്കി പരീക്ഷയെഴുതാൻ എത്തിയെങ്കിലും ബയോമെട്രിക് യന്ത്രം ചതിച്ചു. കാമുകിയുടെ വിരലടയാളം എട്ടിൻ്റെ പണിയായി മാറി. വിരലടയാളം പൊരുത്തപ്പെടാതെ വന്നതോടെ ഇൻവിജിലേറ്റർമാർ ആൾമാറാട്ടം കയ്യോടെ പൊക്കി. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ആദ്യം കൗതുക വാർത്തയായി തോന്നുമെങ്കിലും പൊലീസ് അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. അംഗരേസ് സിംഗിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.

Related Posts

Leave a Reply