തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്നതിന് മാർക്ക് ലിസ്റ്റിൽ തിരുത്ത് വരുത്തിയെന്ന് ആരോപണം. തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ വകുപ്പിൽ സീനിയർ ഇൻസ്ട്രക്ടറായ രമാദേവി, ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്നത് മറ്റൊരാളുടെ മാർക്ക് ലിസ്റ്റ് ഉപയോഗിച്ചാണെന്നതിന്റെ രേഖകൾ ലഭിച്ചു. രമാദേവി കൈവശപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ യഥാർത്ഥ അവകാശി ഇപ്പോൾ ആടുമേച്ചാണ് ജീവിക്കുന്നത്.
ആശ്രിത നിയമനം വഴി 1994 ലാണ് രമാദേവി മൃഗസംരക്ഷണ വകുപ്പിൽ ക്ലറിക്കൽ തസ്തികയിലെത്തുന്നത്. 2008ൽ ജൂനിയർ ഇൻസ്ട്രകറായി. പിന്നെ സ്ഥാനക്കയറ്റത്തിലൂടെ സീനിയർ ഇൻസ്ട്രെക്ടർ എന്ന ഗസറ്റഡ് തസ്തികയിലും എത്തി. കോഴിക്കുഞ്ഞുങ്ങളുടെ ലിംഗ നിർണ്ണയം നടത്തുന്ന ചിക്സ് സെക്സിംഗ് കോഴ്സിൽ 98 ശതമാനം മാര്‍ക്കുണ്ടെങ്കിലേ ജൂനിയർ ഇൻസ്ട്രക്ടർ എങ്കിലും ആകാൻ കഴിയു. 1990 ലാണ് രമാദേവി കോഴ്സ് പാസായത്. 96 ശതമാനമാണ് മാര്‍ക്ക്. പിന്നെങ്ങനെ ഗസറ്റഡ് തസ്തികയിലെത്തി. 2016ൽ വിവരാവകാശ നിയമപ്രകാരം കിട്ടിയ രേഖകൾ അനുസരിച്ച് വ്യക്തമാകുന്നത് വന്‍ കള്ളക്കളി.
1990 ബാച്ചിന്റെ മാർക്ക് വിവരങ്ങൾ ഉള്ള ഈ രജിസ്റ്ററിൽ രമാദേവിക്ക് മാർക്ക് 99 ശതമാനമാണ്. പക്ഷെ രജിസ്റ്ററിൽ ഒപ്പിട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത് അടുത്ത ബാച്ചിലെ ജസ്സിയാണ്. ആരാണ് ഈ ജസ്സിയെന്ന ആന്വേഷണം ചെന്ന് നിന്നത് വെമ്പായത്ത് ഒരു കുഞ്ഞു വീട്ടിലാണ്. ഒരു പറ്റം ആടുകൾക്ക് നടുവിലാണ് ജസ്സിയുടെ ജീവിതം. രജിസ്റ്ററിലെ ഒപ്പ് തന്റേത് ആണെന്ന് ജെസി വിശദമാക്കി. ഈ സർട്ടിഫിക്കറ്റ് ആരെങ്കിലും ഉപയോഗിച്ചതായി ജെസിക്ക് അറിവില്ല.
അതായത് 99 ശതമാനം മാര്‍ക്ക് നേടി ജയിച്ച ജസ്സിയുടെ അതേ മാര്‍ക്കാണ് രമാദേവിക്ക് വേണ്ടി രജിസ്റ്ററിൽ വെട്ടി ഒട്ടിച്ചിരിക്കുന്നത്. യഥാർത്ഥ സർട്ടിഫിക്കറ്റ് ഇപ്പോഴും ജെസിയുടെ കയ്യിലുണ്ട്. രമാ ദേവി തനിക്ക് മുന്‍പുള്ള ബാച്ചിലാണ് പഠിച്ചതെന്നും ജെസി വിശദമാക്കുന്നു. രമാദേവിയുടെ മാര്‍ക്കിലെ തിരിമറി ഉറപ്പിക്കാൻ ഒരിക്കൽ കൂടി വിവരാവകാശം അനുസരിച്ച് രേഖകൾ തേടി. 2016ൽ രജിസ്റ്ററിൻറെ പകർപ്പ് അടക്കം നൽകിയ വകുപ്പ് രണ്ടാമത് തിരക്കിയപ്പോൾ പറയുന്നത് രമാദേവിയുടെ ബാച്ചുമായി ബന്ധപ്പെട്ട മാർക്ക് ലിസ്റ്റോ മറ്റ് രേഖകളോ ഒന്നും കൈവശമില്ലെന്നാണ്.
രമാദേവിയുടെ യോഗ്യതയിൽ സംശയമുന്നയിച്ച് ആദ്യം പരാതി നൽകിയ മൃഗസംരക്ഷണ വകുപ്പിലെ മുൻ ജൂനിയർ ഇൻസ്ട്രക്ടർ ജെ.വൽസന്‍ പറയുന്നത് ഇപ്രകാരമാണ്. സ്പെഷ്യൽ റൂൾ അനുസരിച്ച് 98 ശതമാനമുള്ളവർക്കാണ് ജോലിക്ക് അർഹതയെന്നാണ്. പിന്നെ രമാ ദേവി എങ്ങനെ ജോലി ലഭിച്ചുവെന്നത് സ്വാധീനം ഉപയോഗിച്ചാവാമെന്നും വൽസൻ പറയുന്നു.
തനിക്ക് സർട്ടിഫിക്കറ്റിൽ ആക്കുറസി രേഖപ്പെടുത്തിയിട്ടില്ല. അത് ഡയറക്ടർ ചോദിച്ചപ്പോൾ എൽഎംപിസിയിൽ നിന്ന് കൊട്ത്ത ലെറ്ററാണ് ഇതെന്നുമാണ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തെ കുറിച്ച് ചോദിച്ചാൽ രമാദേവിയുടെ മറുപടി. 96 ശതമാനം മാർക്ക് കിട്ടിയ രമാദേവിയുടെ രജിസ്റ്ററിൽ എങ്ങിനെ മാർക്ക് 99 ആയി. വർഷങ്ങൾക്ക് മുന്നേ പരാതി ഉയർന്നിട്ടും എന്ത് കൊണ്ട് തള്ളിക്കളഞ്ഞു. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലോടെയാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തം.