ന്യൂ ഡൽഹി: 76ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. ദില്ലിയിലെ കർത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ പത്തരയ്ക്കാണ് മാര്‍ച്ച്പാസ്റ്റ് ആരംഭിക്കുക. ഡല്‍ഹി നഗരത്തിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് പ്രബൊവോ സുബിയാന്‍റോയാണ് ഇത്തവണ മുഖ്യാതിഥി.
രാവിലെ 10.30ന് രാഷ്‌ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡുകൾക്ക് തുടക്കമാകും. ഇന്ത്യൻ കരസേനയുടെ യുദ്ധടാങ്കുകളും സൈനിക വാഹനങ്ങളുമെല്ലാം സജ്ജമാണ്. വ്യോമസേനയുടെ 40 വിമാനങ്ങളാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കുക. നാവികസേനയും പരേഡിനായി സജ്ജമാണ്. തുടർന്ന് നിരവധി കലാകാരന്മാർ അണിനിരക്കുന്ന കലാപ്രകടനങ്ങളും ടാബ്ലോയുമെല്ലാമായി ആഘോഷങ്ങൾ സജീവമാകും. കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്.