ബീഹാറിൽ യുവാവ് സുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു. 500 രൂപ കൂലിയായി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപതകത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം.
ഭോജ്പൂർ ജില്ലയിലെ ആർഹ് മേഖലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ബാരാ ബസന്ത്പൂർ ഗ്രാമവാസിയായ മോഹൻ സിംഗ്(20) ആണ് മരിച്ചത്. പരിചയക്കാരനായ അജയ് മഹാതോയിൽ നിന്ന് 500 രൂപ കൂലിയായി സിംഗ് ലഭിക്കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവാണ്.
ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന അജയ് സിംഗിനെ വിളിച്ചുവരുത്തി. തുടർന്ന് കത്തികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നീട് കണ്ണുകൾ ചൂഴ്‌ന്നെടുത്ത ശേഷം മൃതദേഹം സൻവാരി പാലത്തിന് സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.