മാർസ്ഡേൽ അവന്യൂ: അഞ്ച് വയസുകാരനായ വളർത്തുമകനെ കൊന്ന് അഴുക്കു ചാലിൽ തള്ളിയ സംഭവത്തിൽ 48കാരിയായ വളർത്തമ്മ അറസ്റ്റിൽ. അമേരിക്കയിലെ മാർസ്ഡേൽ അവന്യൂവിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് 5 വയസുകാരനായ ഡാഡനെൽ ടെയ്ലർ എന്ന ആൺകുട്ടിയെ അഴുക്കുചാലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇതിന് പിന്നാലെ പൊലീസ് ആംബർ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.
48കാരിയുടെ ഭർത്താവും കുട്ടിയുടെ നിയമപരമായ രക്ഷിതാവുമായ യുവാവാണ് കുട്ടിയെ കാണാനില്ലെന്ന് പരാതിപ്പെട്ടത്. വിഷാദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലിരിക്കുന്ന ഭാര്യ കുഞ്ഞിനെ അപായപ്പെടുത്തിയോയെന്ന ആശങ്കയുണ്ടെന്നും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 48കാരി അവൻ ഇനി നമ്മുക്കൊപ്പമുണ്ടാകില്ലെന്ന് ഭർത്താവിനോട് പറഞ്ഞിരുന്നു. ഈ വിവരവും പൊലീസിനെ യുവാവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ബൈപ്പോളാർ ഡിസോർഡറും വിഷാദ രോഗവുമുള്ള ഭാര്യ അടുത്തിടെ വളരെ വിചിത്രമായ രീതിയിലാണ് പെരുമാറുന്നതെന്നാണ് ഇയാൾ പൊലീസിനെ അറിയിച്ചത്. ഭർത്താവ് പൊലീസിനെ വിളിച്ചതിന് പിന്നാലെ വീട്ടിൽ നിന്ന് മുങ്ങിയ 48കാരിയെ വെള്ളിയാഴ്ച രാത്രിയോടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഓഹിയോയിൽ നിന്നാണ് പൊലീ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി 48കാരിയുടെ സംരക്ഷണത്തിലായിരുന്നു 5 വയസുകാരനുണ്ടായിരുന്നത്.