ന്യൂ ഹാംപ്ഷെയർ: 5 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച് പട്ടിണിക്കിട്ട് ലഹരി മരുന്ന് നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് 53 വർഷം കഠിന തടവ് ശിക്ഷ. 2021ൽ മകനെ മസാച്ചുസെറ്റ്സിലെ പാർക്കിൽ കുഴിച്ച് മൂടുന്നതിന് മുൻപ് സമാനതകളില്ലാത്ത ക്രൂരത കാണിച്ച 38കാരിക്കാണ് 53 വർഷം തടവ് ശിക്ഷ വിധിച്ചത്. 8 കിലോ മാത്രമുള്ള 5 വയസുകാരന് ഏറെ നാളുകളായി പട്ടിണിയിലായിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.
ന്യൂ ഹാംഷെയറിലെ നഷുവയിലെ കോടതിയാണ് 38കാരിയായ ഡൌഫിനെസിനെ അഞ്ച് വയസുള്ള മകൻ എലിജയുടെ കൊലപാതകത്തിൽ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. എലിജ ലൂയിസിന്റെ മരണത്തിൽ രണ്ട് കൊലപാതകത്തിനുള്ള കുറ്റമാണ് യുവതിക്കെതിരെ തെളിഞ്ഞത്. യുവതിക്ക് 55 വർഷത്തെ തടവ് ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അതേസമയം കുറ്റം തെളിഞ്ഞാൽ 35 വർഷത്തെ തടവ് ശിക്ഷ മാത്രം നൽകണമെന്നായിരുന്നു വാദി ഭാഗം വാദിച്ചത്.
പാർക്കിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ അഞ്ച് വയസുകാരന്റെ പോസ്റ്റ് മോർട്ടത്തിൽ ഗുരുതരമായ അതിക്രമമാണ് എലിജ നേരിട്ടിരുന്നതെന്ന് വ്യക്തമായിരുന്നു. തലയോട്ടിയും മുഖത്തെ എല്ലുകളും തകർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലഹരി മരുന്നും വിഷവും ശരീരത്തിൽ എത്തിയ നിലയിലും പോഷഹാകാര കുറവും ശരീരമാകമാനം മുറിവുകളും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു.
കുഞ്ഞിനെ ഏറെക്കാലം നഗ്നനാക്കി ശുചിമുറിയിലെ ടബ്ബിന് അകത്താക്കി പൂട്ടിയിട്ടിരുന്നതായും കുട്ടി ബുദ്ധിമുട്ടിയിരുന്നത് വീഡിയോയിലൂടെ നിരീക്ഷിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിരുന്നു. 16 മാസംകൊണ്ട് മെലിഞ്ഞ് ശോഷിച്ച കുഞ്ഞിന്റെ ഒരു കണ്ണ് അവസാന കാലത്തെ ചിത്രങ്ങളിൽ ഒരു കണ്ണ് തുറക്കാൻ പോലും സാധിക്കാത്ത നിലയിലാണുണ്ടായിരുന്നത്.
യുവതി ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടിയ ശേഷം കുട്ടിയുമായി അരിസോണയിൽ നിന്ന് ന്യൂ ഹാംപ്ഷെയറിലെത്തിയ ശേഷമായിരുന്നു കുട്ടി സമാനതകളില്ലാത്ത അതിക്രമം നേരിട്ടിരുന്നത്. 2020 മെയ് മാസത്തിലാണ് യുവതി ഇവിടെ എത്തിയത്. മാനസികാരോഗ്യ വെല്ലുവിളികൾ നേരിട്ടിരുന്ന അഞ്ച് വയസുകാരനെ ഇവർ ചികിത്സിക്കാനും തയ്യാറായിരുന്നില്ല. മകനോട് ചെയ്യുന്ന ക്രൂരതയുടെ ദൃശ്യങ്ങൾ ഇവർ കാമുകന് അയച്ച് നൽകുകയും ചെയ്തിരുന്നു.
38കാരിയുടെ പുരുഷ സുഹൃത്തും കേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. 45 വർഷം വരെയാണ് 38കാരിയുടെ കാമുകൻ തടവിൽ കഴിയേണ്ടത്. തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പെരുമാറാത്തതിനായിരുന്നു കുട്ടിയെ ഇവർ സമാനതകളില്ലാത്ത രീതിയിൽ ശിക്ഷിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ മാനസിക വെല്ലുവിളി മൂലമുള്ള പെരുമാറ്റം നിയന്ത്രണ വിധേയം ആകാതിരുന്നതാണ് യുവതിയെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. കുഞ്ഞിന്റെ ഇൻഷുറൻസ് സംബന്ധിയായ വിവരങ്ങൾ നൽകാൻ മുൻ ഭർത്താവ് തയ്യാറാവാതിരുന്നത് കുട്ടിയ്ക്ക് ചികിത്സ നൽകാൻ തടസമായിയെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.
അമ്മയുടെ കാമുകനിലുള്ള രണ്ട് വയസുള്ള പെൺകുഞ്ഞിനൊപ്പം കാമുകന്റെ അമ്മയുടെ വീട്ടിലായിരുന്നു 5 വയസുള്ള എലിജ താമസിച്ചിരുന്നത്. വീടിന്റെ ബേസ്മെന്റിലായിരുന്നു എലിജയെ പാർപ്പിച്ചിരുന്നത്. 2020ൽ അവസാന തവണ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് എത്തിച്ച സമയത്ത് 15 കിലോ ഭാരമായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. കുഞ്ഞ് തന്റെ സഹോദരിക്കൊപ്പം കാലിഫോർണിയയിൽ ആണ് താമസമെന്നായിരുന്നു യുവതി പരിശോധനയ്ക്ക് എത്തിയിരുന്ന അധികൃതരോട് വിശദമാക്കിയിരുന്നത്.