Kerala News

’38 കീമോ ചെയ്തു, ഇനി കഴിയില്ല, മജ്ജ മാറ്റിവെക്കണം’; ജീവിക്കാൻ സുമനസ്സുകളുടെ സഹായം വേണം

കൊല്ലം: രോഗവും സാമ്പത്തിക ബാധ്യതയും മൂലം നാവായിക്കുളം സ്വദേശി അശ്വതിയും കുടുംബവും ദുരിതത്തിലാണ്. അര്‍ബുദ ബാധിതയായ അശ്വതിയുടെ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കണമെങ്കില്‍ സുമനസുകള്‍ കനിയണം. കാഴ്ച വൈകല്യമുള്ള ഭര്‍ത്താവിനും പറക്കമുറ്റാത്ത രണ്ട് മക്കള്‍ക്കും ഒപ്പം കഴിയുന്ന വീടും ഇന്ന് ജപ്തി ഭീഷണിയിലാണ്.

27കാരിയായ അശ്വതിക്ക് ജീവിതം ഒരു ചോദ്യ ചിഹ്നമാണ്. വേദനകളില്‍ നിന്ന് എങ്ങനെ കരയറണമെന്ന് അറിയില്ല. ഒന്നര വര്‍ഷമായി അര്‍ബുദ ചികിത്സിലാണ്. 38 കീമോ ചെയ്തു. ഇനി കീമോയ്ക്ക് കഴിയില്ല. അടിയന്തരമായി മജ്ജമാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാൽ ശസ്ത്രക്രിയക്ക് 15 ലക്ഷം രൂപ വേണം. പക്ഷേ അതിന് വഴിയുമില്ല.

ഭര്‍ത്താവ് ഷിജുവിന് കാഴ്ച കുറയുന്ന അപൂര്‍വ രോഗമാണ്. അമ്പല പറമ്പുകളില്‍ അടക്കം കലാപരിപാടികള്‍ അവതരിപ്പിച്ച് കിട്ടുന്ന തുശ്ചമായ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം. കാഴ്ച ഭാഗികമായി കുറഞ്ഞതോടെ ജോലിക്ക് പോകാന്‍ കഴിയാതെയായി. മകള്‍ ശിവന്യക്കും മകന്‍ അശ്വജിത്തിനും ഇതൊന്നും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. ഒന്നും അറിയിക്കാതിരിക്കാന്‍ അവര്‍ക്ക് മുന്നില്‍ മാത്രം അശ്വതിയും ഷിജുവും കണ്ണീരൊളിപ്പിച്ച് ചിരിക്കും.

വരുമാനമില്ലാതെ വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ആകെയുള്ള കുഞ്ഞുവീടും ഇന്ന് ജപ്തി ഭീഷണിയിലാണ്. ഇവിടം വിട്ടാല്‍ എങ്ങോട്ടെന്ന് അറിയില്ല. നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ച് സഹായം തേടുന്നുണ്ട്. നാട് ഒരുമിച്ചാല്‍ അശ്വതിക്കും കുടുംബത്തിനും എല്ലാ സന്തോഷങ്ങളും തിരിച്ചു നല്‍കാനാകും.

Related Posts

Leave a Reply