മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിന്റെ മലൈക്കോട്ടൈ വാലിബൻ. ജനുവരി 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുന്ന സിനിമയെ ആർ എഫ് ടി ഫിലിംസ് ആണ് ചിത്രം യൂറോപ്പിലും യുകെയിലും പ്രദർശനത്തിന് എത്തിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർസീസ് റിലീസായാണ് സിനിമ എത്തുന്നത്. 35 ഓളം വരുന്ന യൂറോപ്യൻ രാജ്യങ്ങളിലാണ് മലൈക്കോട്ടേ വാലിബൻ റിലീസ് ചെയ്യുന്നത്. ഇത് ആദ്യമായിട്ടാണ് ഒരു മലയാള സിനിമയ്ക്ക് 35 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ പ്രദർശനാനുമതി ലഭിക്കുന്നത്. ഇന്ത്യക്ക് പുറത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റെക്കോർഡ് സ്ക്രീൻ കൗണ്ടും മലൈക്കോട്ടൈ വലിബന്റെ പേരിലായിരിക്കും. 175 പരം തിയേറ്ററുകളിലാണ് മലൈക്കോട്ടേ വാലിബൻ യുകെയിൽ റിലീസിന് എത്തുന്നത്. കൂടാതെ ആദ്യമായി ഒരു മലയാള സിനിമയ്ക്ക് രണ്ടാഴ്ച മുന്നേയുള്ള പ്രീ ബുക്കിംഗ് സൗകര്യങ്ങളടക്കം യുകെയിൽ ഒരുക്കിയിട്ടുണ്ട്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. ഹരീഷ് പേരടി ഉൾപ്പെടെയുള്ള മറ്റു താരങ്ങളെയും ഗംഭീര മേക്കോവറിലാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.
