മണ്ഡ്യ: കർണ്ണാടകയിൽ രണ്ടു ദിവസം മുമ്പ് കാണാതായ അധ്യാപികയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മണ്ഡ്യയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹമാണ് ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
രണ്ട് ദിവസമായി ദീപകയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്കു പോയ ദീപക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭർത്താവ് ലോകേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നാട്ടുകാരും പൊലീസും ദീപികയ്ക്കായി അന്വേഷണം നടത്തുന്നതിനിടെ മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് ഇവരുടെ സ്കൂട്ടർ കണ്ടെത്തി.
ഇതോടെ ക്ഷേത്ര പരിസരത്ത് ബന്ധുക്കളും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി. തുടർന്ന് ഇവിടെ കുഴിച്ച് നോക്കിയപ്പോഴാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു അധ്യാപികയായ ദീപിക. ഇവർ പ്രദേശവാസിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം.