27 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ തെലുങ്ക് നടൻ സന്തോഷിനെതിരെ കേസ്. ബെഗളൂരു ജ്ഞാനഭാരതി പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉല്ലാൽ മെയിൻ റോഡ് സ്വദേശിനിയായ ബ്യൂട്ടീഷനാണ് പരാതിക്കാരി.
ബസവേശ്വർനഗറിലെ സലോണിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു പരാതിക്കാരി. 2019ലാണ് സന്തോഷിനെ പരാതിക്കാരി പരിചയപ്പെടുന്നത്. സിനിമയിൽ നായികയാക്കാമെന്ന് പറഞ്ഞ് സന്തോഷ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പതിയെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. പിന്നാലെ വിവാഹ വാഗ്ദാനം നൽകി സന്തോഷ് പെൺകുട്ടിയെ പീഡിപ്പിച്ചു. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ പെൺകുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി.
സന്തോഷിന്റെ വാഗ്ദാനങ്ങളെല്ലാം കളവാണെന്ന് മനസിലാക്കിയ പെൺകുട്ടി നടനുമായി അകന്നു. ഇതിൽ പ്രകോപിതനായ സന്തോഷ്, പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഫെബ്രുവരി 14ന് സന്തോഷ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും ചെയ്തു. പിന്നാലെ ഫെബ്രുവരി 15ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി.
