2025 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാമത്തേതും അവസാനത്തേതുമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി അതിഷി ഒരിക്കല്‍ക്കൂടി കല്‍ക്കാജിയില്‍ നിന്ന് ജനവിധി തേടും. സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷിലാണ് മത്സരിക്കുക. 38 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പാര്‍ട്ടി പുറത്ത് വിട്ടത്.
കസ്തൂര്‍ബ നഗറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി രമേഷ് പെഹ്ല്‍വാനെ തീരുമാനിച്ചു. നിലവില്‍ മദന്‍ലാല്‍ ആണ് അവിടെ എംഎല്‍എ. രമേഷ് പെഹ്ല്‍വാനും അദ്ദേഹത്തിന്റെ ഭാര്യയും കൗണ്‍സിലറുമായ കുസും ലതയും കഴിഞ്ഞ ദിവസമാണ് ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയിലെത്തിയത്. ഇവരെക്കൂടാതെ ഗോപാല്‍റായ്, സത്യേന്ദ്ര കുമാര്‍ ജെയ്ന്‍, ദുര്‍ഗേഷ് പതക് തുടങ്ങിയവരും പട്ടികയില്‍ ഇടം നേടി.
പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയും സമഗ്രമായ തയ്യാറെടുപ്പോടെയുമാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു. ബിജെപിയെ എവിടെയും കാണാനില്ല. അവര്‍ക്ക് മുഖ്യമന്ത്രി മുഖമില്ല, ടീമില്ല, ആസൂത്രണമില്ല, ഡല്‍ഹിയെക്കുറിച്ചുള്ള കാഴ്ചപ്പാടുമില്ല. അവര്‍ക്ക് കെജരിവാളിനെ പുറത്താക്കുക എന്ന ഒരു മുദ്രാവാക്യവും, ഒരു നയവും, മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.