Kerala News

2021 ൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കൊടകര മോഡൽ പണം എത്തി’: പ്രസീത അഴീക്കോട്

കോഴിക്കോട്: 2021 ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ച എല്ലാ മണ്ഡലങ്ങളിലും കൊടകര മോഡൽ പണം എത്തിയെന്ന് ജെആർപി നേതാവ് പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ഇടപാട് നടന്നത്. ബത്തേരിയിൽ എത്തിയത് മൂന്നര കോടി രൂപയാണ്. ബിജെപി വയനാട് ജില്ലാ പ്രസിഡൻ്റായ പ്രശാന്ത് മലവയലിൻ്റെ സംഘം മഞ്ചേശ്വരത്തുനിന്ന് വയനാട്ടിലേക്ക് പണം കടത്തി. തെളിവുകൾ ലഭിച്ചിട്ടും പരാതി പൂഴ്ത്തിയെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടും തുടർ നടപടി ഉണ്ടായില്ല. തിരൂർ സതീഷിന്റെ ആരോപണം ശരിയാണെന്നാണ് തന്റെ അഭിപ്രായം. എൻഡിഎയുടെ ഭാഗമാകാൻ സികെ ജാനുവിന് 10 ലക്ഷം കൊടുത്തു. ബത്തേരി ഹോം സ്റ്റൈൽ വച്ച് 25 ലക്ഷവും കൈമാറി. കേരളത്തിൻ്റെ പല ഭാഗങ്ങളിലും പണം എത്തിയിട്ടുണ്ട്. ഇത് ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ അന്വേഷിക്കണമെന്നും പ്രസീത അഴീക്കോട് പറഞ്ഞു. കെ സുരേന്ദ്രന് സംരക്ഷണം ലഭിക്കുന്നുണ്ട്. ഹോം സ്റ്റേയിൽ വെച്ച് പണം നൽകിയത് പൂജാ ദ്രവ്യങ്ങൾ എന്ന വ്യാജേനയാണ്. പരാതിയുമായി കോടതിയെ സമീപിക്കുമെന്നും നാലുതവണ കളക്ടർ ആയിരുന്ന രേണു രാജിനെ സമീപിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രസീത അഴീക്കോട് പറഞ്ഞു.

അതേസമയം, കൊടകര കുഴൽപ്പണ കേസ് ആരോപണത്തിലുറച്ച് നിൽക്കുകയാണ് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. കൊടകര കുഴൽപ്പണ കേസിലെ മുഴുവൻ സത്യങ്ങളും പൊലീസിനോട് പറയുമെന്ന് തിരൂർ സതീഷ് പറഞ്ഞു. പണം കൈകാര്യ ചെയ്തതിന്റെ തെളിവുകൾ കയ്യിലുണ്ടെന്നും ബിജെപി മുൻ ഓഫീസ് സെക്രട്ടറി പറഞ്ഞു. സാമ്പത്തിക ക്രമേക്കേടിൽ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും സതീഷ് വെളിപ്പെടുത്തി. തൃശ്ശൂർ ബിജെപി ഓഫീസിൽ കോടികൾക്ക് കാവൽ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസിൽ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററെന്നും സതീഷ് വെളിപ്പെടുത്തി.

Related Posts

Leave a Reply