ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമയായി മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിലെ പ്രളയത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന സിനിമയെയാണ് മഞ്ഞുമ്മൽ ബോയ്സ് മറികടന്നത്. 2018 നേടിയ 175 കോടി രൂപ കളക്ഷൻ മഞ്ഞുമ്മൽ ബോയ്സ് കേവലം 21 ദിവസം കൊണ്ട് മറികടന്നു. നിലവിൽ 176 കോടിയാണ് മഞ്ഞുമ്മൽ നേടിയിരിക്കുന്നത്. ഏറെ വൈകാതെ തന്നെ സിനിമ 200 കോടി തികയ്ക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. ജാൻ.എ.മൻ എന്ന സിനിമയിലൂടെ സിനിമാസംവിധാനം ആരംഭിച്ച ചിദംബരത്തിൻ്റെ രണ്ടാമത്തെ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം തമിഴ്നാട്ടിലും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. 7 ദിവസം കൊണ്ട് 33 കോടിയാണ് സിനിമയുടെ തമിഴ്നാട് കളക്ഷൻ. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമ കൂടിയാണ് മഞ്ഞുമ്മൽ ബോയ്സ്.