Kerala News

2012ലെ ചെക്ക് കേസ്; റോബിൻ ഗിരീഷ് അറസ്റ്റിൽ

2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ട് റോബിൻ ബസ് നടത്തിപ്പുകാരൻ അറസ്റ്റിൽ. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം.

2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പറയുന്നു.

സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചു.

ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന്‍ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു.

വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.

Related Posts

Leave a Reply