Kerala News

2000 ലിറ്റർ ഡീസൽ! പൊക്കിയ സ്ഥലം കേട്ട് ഞെട്ടിയത് കേരള പൊലീസ്; ലോക്കൽ അല്ല, ഇത് ‘ഇന്‍റർനാഷണൽ’ മോഷണം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് കൊണ്ടുവന്ന് ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന ടഗ്ഗുകളിൽ നിന്നും ബാർജുകളിൽ നിന്നും ഡീസൽ ഊറ്റിയ സംഘത്തിലെ നാല് പേർ പിടിയിൽ. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. 35 ലിറ്റർ വീതം കൊള്ളുന്ന 57 കന്നാസുകളിലായി രണ്ടായിരം ലിറ്റർ ഡീസൽ പൊലീസ് പിടികൂടി. മോഷ്ടിച്ച ഇന്ധനം കരയിൽ എത്തിക്കാൻ കൊണ്ടുവന്ന ഫൈബർ ബോട്ടും കടത്താൻ ശ്രമിച്ച പിക്കപ്പ് വാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

വിഴിഞ്ഞം കോട്ടപ്പുറം കരയടി വിളയിൽ ദിലീപ് (32) , കോട്ടപ്പുറത്ത് നിന്ന് മുല്ലൂർ സുനാമി ക്കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന റോബിൻ (37), കോട്ടപ്പുറം തുലവിള ജീവാ ഭവനിൽ ശ്യാം (24) , മുക്കോല കാഞ്ഞിരംവിളയിൽ ഷിജിൻ (21 ), എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. പിക്കപ്പ് വാൻ ഡ്രൈവർ വിഴിഞ്ഞം സ്വദേശി റോബിനും മറ്റ് രണ്ട് പേരും രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

രാത്രിയിൽ വള്ളത്തിൽ ഡീസൽ കടത്തുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പഴയ വാർഫിൽ പോലീസ് സംഘം എത്തിയത്. ഫൈബർ വള്ളത്തിൽ കൊണ്ടുവന്ന ഇന്ധനം വാർഫിൽ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ച സംഘത്തെ കൈയ്യോടെ പിടികൂടുകയായിരുന്നു. തുറമുഖ നിർമ്മാണം പുരോഗമിക്കുന്നതിനാൽ മുതല പ്പൊഴിയിൽ നിന്ന് കടൽ ഭിത്തി നിർമ്മിക്കുന്നതിന് കല്ലുമായി എത്തിയ ബാർജുകളും ടഗ്ഗുകളും  ബോട്ടുകളും ഉൾപ്പെടെ നിരവധി യാനങ്ങൾ കടലിൽ നങ്കൂരമിട്ടിരുന്നു.

വൈകുന്നേരങ്ങളിൽ ബാർജുകളിലെയും മറ്റും തൊഴിലാളികൾ ബോട്ടിൽ കരയിലെത്തും. പിന്നെ വിജനമായ കടലിൽ കിടക്കുന്ന യാനങ്ങളിൽ നിന്നാണ് സംഘത്തിന്റെ ഡീസൽ ഊറ്റൽ. സംഭവമറിഞ്ഞ അദാനി ഗ്രൂപ്പ് അധികൃതർ വിഴിഞ്ഞം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Posts

Leave a Reply