മലപ്പുറം എടവണ്ണപ്പാറയിൽ പതിനേഴ്കാരിയെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തൽ. പ്രായപൂർത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റർ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തൽ. ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയ അതിജീവതയുടേതാണ് പുതിയ വെളിപ്പെടുത്തൽ.
കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നത്. താൻ ‘പരമഗുരു’ ആണ്. മനസ്സും ശരീരവും തനിക്ക് സമർപ്പിക്കണം. അല്ലാത്തവർ രക്ഷപ്പെടില്ലെന്നും കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിയിൽ നിന്നുള്ള ഭീഷണി കാരണമാണ് താൻ മൊഴി മാറ്റി പറഞ്ഞത് എന്നും അതിജീവിത പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയിൽ സിദ്ധിഖ് അലി പോക്സോ കേസിൽ അറസ്റ്റിലാവുകയും മൊഴി മാറ്റിയതിനെ തുടർന്ന് കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.