തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ കേസെടുക്കില്ല. ബസ് ട്രിപ്പ് മുടക്കി എന്നായിരുന്നു പരാതി. ഡ്രൈവർ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. കുറ്റം ചെയ്‌ത ഡ്രൈവർ യദുവിനെ മേയർ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്ന് കണ്ടെത്തൽ. മേയർക്കെതിരെ കെഎസ്ആർടിസി പരാതി നൽകില്ല. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നായിരുന്നു പൊലിസിന്‍റെ ന്യായം. യദുവിനെതിരെ അന്വേഷണം നടത്തുന്ന കെഎസ്ആർടിസി എംഡി ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകും. യദുവിനെ ജോലിയിൽ നിന്ന് പിരിച്ചുവിടേണ്ടെന്നും തൽക്കാലത്തേക്ക് മാറ്റി നിർത്താനുമാണ് ഗതാഗത വകുപ്പിന്‍റെ തീരുമാനം. പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം. പൊലീസിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ടിഡിഎഫ്, കെഎസ്ആർടിസി ചീഫ് ഓഫീസിലേക്കും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കന്‍റോൺമെന്‍റ് സ്റ്റേഷനിലേക്കും ഇന്ന് മാർച്ച് നടത്തി.