Kerala News

16 മാസമായി അധ്യാപകർക്ക് ശമ്പളമില്ല, കുഞ്ചൻ സ്മാരകത്തിന്‍റെ പ്രവർത്തനം അവതാളത്തിൽ

പാലക്കാട്: സാമ്പത്തിക പ്രതിസന്ധി മൂലം പാലക്കാട് കിള്ളിക്കുറിശ്ശി മംഗലത്തെ കുഞ്ചൻ സ്മാരകത്തിന്‍റെ പ്രവർത്തനം അവതാളത്തിൽ. സംസ്കാരിക വകുപ്പിന് കീഴിലെ സ്ഥാപനത്തിലെ ജീവനക്കാർക്ക് 16 മാസമായി ശമ്പളം കിട്ടിയില്ല. അധ്യാപകർ പ്രതിഷേധ സൂചകമായി ദീർഘാവധിയിൽ പോയതോടെ ഇവിടത്തെ കലാപഠനവും മുടങ്ങി.

1976 ലാണ് കുഞ്ചൻ നമ്പ്യാരുടെ ജൻമഗൃഹമായ കലക്കത്ത് ഭവനം ഉൾപ്പെടെ സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കിയത്. വീടിന് പുറമെ തുള്ളൽ അവതരണത്തിനുള്ള കളിത്തട്ട്, മ്യൂസിയം എന്നിവ ഉൾപ്പെടുന്നതാണ് സ്മാരകം. സ്ഥിരം ജീവനക്കാർ രണ്ട് പേരുണ്ട്. മൃദംഗം, തുള്ളൽ, മോഹിനിയാട്ടം, വായ്പ്പാട്ട് എന്നിവ അഭ്യസിപ്പിക്കാൻ 7 അധ്യാപകരും. ഈ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് 16 മാസമായി. ശമ്പളം നൽകാമെന്ന് ഭരണ സമിതി പറഞ്ഞ തിയ്യതികളെല്ലാം തെറ്റിയതോടെ അധ്യാപകർ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ 195 വിദ്യാർത്ഥികളുടെ കലാപഠനം നിലച്ചു.

പ്രതിവർഷം 5 ലക്ഷം രൂപയാണ് സർക്കാർ ഗ്രാന്‍റ് നൽകുന്നത്. ഒന്നര ലക്ഷം രൂപ വേണം ജീവനക്കാർക്ക് മാസം തോറും ശമ്പളം നൽകാൻ. സർക്കാരിൽ നിന്നുള്ള ഗ്രാന്‍റ് വർദ്ധിപ്പിക്കാതെ സ്ഥാപനത്തിന്‍റെ നടത്തിപ്പ് മുന്നോട്ട് പോകാത്ത അവസ്ഥയാണ്. അതേസമയം ശമ്പള കുടിശ്ശിക ഉടൻ തീർക്കുമെന്നും ഗ്രാന്‍റ് വർദ്ധനക്ക് സർക്കാരിന് അപേക്ഷ നൽകിയതായും ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.

Related Posts

Leave a Reply