രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് ആരംഭിക്കും. 66 ദിവസം നീണ്ടു നിൽക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ ഗാന്ധിയുടെ യാത്ര.
രാവിലെ11 ഓടെ ഇംഫാലിൽ എത്തുന്ന രാഹുൽ കൊങ്ജോമിലെ യുദ്ധസ്മാരകത്തിൽ ആദരവ് അർപ്പിച്ച ശേഷമാകും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുക. മല്ലികാർജുൻ ഖാർഗെ, എഐസിസി അംഗങ്ങൾ എംപിമാർ ഉൾപ്പെടെയുള്ളവർ ആദ്യദിനം പരിപാടിയുടെ ഭാഗമാവും. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ പരിപാടിക്ക് സർക്കാർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഥൗബലിൽ ആയിരിക്കും യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക.
അതിനിടെ ന്യായ് യാത്രയുടെ വേദി മാറ്റിയതില്‍ വിശദീകരണവുമായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെയ്‌ഷാം മേഘചന്ദ്ര രംഗത്തെത്തി. ആളുകളുടെ എണ്ണംകുറച്ച് ഉദ്ഘാടനമെന്ന മണിപൂർ സർക്കാർ നിബന്ധനക്ക് വഴങ്ങാൻ തയ്യാറല്ലാത്തതിനാലാണ് ന്യായ് യാത്രയുടെ വേദി മാറ്റിയതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍റ് കെയ്‌ഷാം മേഘചന്ദ്ര പറഞ്ഞു.
കലാപം തുടരുന്ന മണിപ്പുരിന് നീതി തേടി വൻ ജന പങ്കാളിത്തത്തോടെ ഞായറാഴ്ച ഇoഫാലിലെ പാലസ് ഗ്രൗണ്ടിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കാൻ ആയിരുന്നു കോൺഗ്രസ് തീരുമാനം. എന്നാല്‍ 1000 പേരെയെ പാലസ് ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കാവു എന്ന് മണിപൂർ സർക്കാർ നിബന്ധന ഇറക്കിയതോടെ തൗബാലിലേക്ക് പരിപാടി മാറ്റുകയായിരുന്നു.