ലക്നൗ: തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ 12 വയസുകാരനെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയത്, അഞ്ചാം വയസിൽ വിഴുങ്ങിയ നാണയം. കുട്ടിയുടെ തൊണ്ടയ്ക്ക് അൽപം താഴെയായി അന്നനാളത്തിൽ കഴിഞ്ഞ ഏഴ് വർഷമായി ഒരു രൂപ നാണയം കുടുങ്ങിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തെങ്കിലും സങ്കീർണതകൾ തീർന്നെന്ന് പറയാറായിട്ടില്ലെന്നും പതിവ് പരിശോധനകൾ ഇനിയും വേണമെന്നും ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ഹർദോയ് ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇ.എൻ.ടി സർജൻ ഡോ. വിവേക് സിങിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. മുരളിപൂർവ ഗ്രാമത്തിൽ താമസിക്കുന്ന 12 വയസുകാരൻ അങ്കുലിന് ഏപ്രിൽ മാസത്തിൽ വയറു വേദന അനുഭവപ്പെട്ടിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് വേദന മാറി. പിന്നീട് ജൂൺ നാലാം തീയ്യതി തൊണ്ട വേദന വന്നു. ഇതോടെയാണ് വീട്ടുകാർ ജില്ലാ ആശുപത്രിയിൽ അടിയന്തിര ചികിത്സയ്ക്കായി എത്തിച്ചത്.
ഡോ. വിവേക് സിങിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയപ്പോൾ ഒരു രൂപ നാണയം തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തി. വിശദമായി ചോദിച്ചറിഞ്ഞപ്പോൾ, ഏഴ് വർഷം മുമ്പ്, അഞ്ചാം വയസിൽ വിഴുങ്ങിയതാണെന്ന് മനസിലായി. എക്സ്റേയിൽ നാണയത്തിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തി. കുട്ടിക്ക് അധികം പ്രയാസമില്ലാത്ത തരത്തിലായിരുന്നു ഇത് തൊണ്ടയിൽ കുടുങ്ങിക്കിടന്നിരുന്നത്. രണ്ട് മാസം മുമ്പ് മഞ്ഞപ്പിത്തവും പിടിപെട്ടിരുന്നു. പരിശോധനകൾക്കൊടുവിൽ നാണയം ടെലസ്കോപ് രീതിയിലുള്ള ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.
ഇത്രയധികം കാലം ശരീരത്തിൽ കുടുങ്ങിയ നാണയം ഇങ്ങനെ പുറത്തെടുക്കുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ പ്രതികരിച്ചു. കുട്ടിയുടെ വളർച്ചയെയും ശാരീരിക വികാസത്തെയും ഇത് ബാധിച്ചിട്ടുണ്ട്. 12 വയസുള്ള കുട്ടിയ്ക്ക് ഉണ്ടാവേണ്ട വളർച്ച അവനുണ്ടായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു. അണുബാധ ഉൾപ്പെടെ വലിയ അപകടങ്ങൾക്കും സാധ്യതയുണ്ടായിരുന്നു. ശസ്ത്രക്രിയയിലൂടെ നാണയം നീക്കിയെങ്കിലും ഇനിയും അപകട സാധ്യതകൾ അവശേഷിക്കുന്നുണ്ട്. പതിവ് പരിശോധനകൾക്കായി കുട്ടിയെ കൃത്യ സമയങ്ങളിൽ എത്തിക്കണമെന്ന് വീട്ടുകാരോട് നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.