പാലക്കാട്: മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് അർഹയായി പാലക്കാട് സ്വദേശിനി ഡോ. ഒ. വി. മനില. ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങൾക്ക് സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളിൽ ഒന്നാണ് മേരി ക്യൂറി ഫെല്ലോഷിപ്പ്. ഒന്നര കോടി രൂപയാണ് ഗവേഷണ ഗ്രാൻറായി ലഭിക്കുക. ഫെല്ലോഷിപ്പ് നേടിയ ഡോ. ഒ. വി. മനിലയെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. തൃത്താലയുടെയും കേരളത്തിന്റെയും അഭിമാനമാനമാണ് മനിലയെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് പൊതുവിദ്യാലയങ്ങളിൽ പഠിച്ച് ആരും കൊതിക്കുന്ന ഉയരങ്ങളിലേക്ക് വളർന്നുകയറിയ മനിലയുടെ ജീവിതം ഓരോ മലയാളിക്കും പ്രചോദനമാണ് മനിലയ്ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു. മനിലയുടെ സ്വപ്നങ്ങൾക്ക് കരുത്തും പിന്തുണയും നൽകിയ മാതാപിതാക്കൾ മാധവനേയും ഗിരിജയേയും പ്രത്യേകമായി അഭിനന്ദിക്കുന്നു- മന്ത്രി പറഞ്ഞു.