Kerala News

ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി മർദിച്ചു; സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാർത്ഥ് നേരിട്ടത് ക്രൂര മർദനമെന്ന് ആൻറി റാഗിംഗ് സെൽ റിപ്പോർട്ട്. നാലിടങ്ങളിൽ എത്തിച്ച് സിദ്ധാർത്ഥിനെ മർദ്ദിച്ചുവെന്നും മൂന്ന് ദിവസം മർദ്ദനം തുടർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോസ്റ്റൽ മുറ്റത്ത് നഗ്നനാക്കി നിർത്തി മർദ്ദിച്ചുവെന്നും മരിച്ച ദിവസവും സിദ്ധാർത്ഥൻ മർദ്ദനം നേരിട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഹോസ്റ്റൽ അന്തേവാസികളായ 98 വിദ്യാർത്ഥികളിൽ നിന്ന് മൊഴിയെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.
മുറികളിൽ ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി അവരെ കൊണ്ടും സിദ്ധാർത്ഥനെ മർദ്ദിച്ചു.
ചിലർ കരഞ്ഞുകൊണ്ട് തിരിച്ചു പോയി. നടുമുറ്റം, ഹോസ്റ്റൽ മുറി , വാട്ടർടാങ്ക് പരിസരം, ക്യാമ്പസിലെ കുന്ന് എന്നിവിടങ്ങളിൽ വച്ച് മർദ്ദിച്ചുവെന്നും റീപ്രോട്ടിൽ പറയുന്നു.

സിദ്ധാര്‍ത്ഥന്റെ മരണത്തിൽ 12 വിദ്യാർത്ഥികൾക്ക് എതിരെ കൂടി നടപടിയെടുത്തു. 10 വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് വിലക്കി. ഇവര്‍ക്ക് ക്ലാസിൽ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികൾ ഭീഷണിപ്പെടുത്തിയപ്പോൾ മർദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വർഷത്തേക്ക് ഇന്റേണൽ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കി. മർദനമേറ്റതായി കണ്ടിട്ടും ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാർത്ഥികളേയും ഹോസ്റ്റലിൽ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കെതിരെയും ശിക്ഷയുണ്ട്. അക്രമം നോക്കി നിന്ന മുഴുവൻ പേരെയും ഏഴ് ദിവസം കോളേജിൽ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളിൽ ഹോസ്റ്റലിലും പ്രവേശിക്കാൻ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളിൽ ഹോസ്റ്റലിൽ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാർത്ഥികൾക്ക് വേണമെങ്കിൽ വിസിക്ക് അപ്പീൽ നൽകാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ 19 പേർക്ക് 3 വർഷത്തേക്ക് പഠനവിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് മറ്റുള്ളവര്‍ക്ക് എതിരെയും നടപടിയെടുത്തത്. പ്രതി പട്ടികയിലുള്ള 18 പേർക്ക് പുറമെ ഒരാൾക്ക് കൂടി പഠന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളേജ് ആന്റി റാഗിംഗ് കമ്മറ്റിയുടേതാണ് നടപടി

Related Posts

Leave a Reply