തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞതൊക്കെ വസ്തുതകളാണെന്ന് സിനിമ സീരിയൽ നടി ഉഷ ഹസീന. തനിക്കും നേരിട്ട് പല അനുഭവങ്ങളും ഉണ്ടായി എന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ പരിപാടിയിൽ പങ്കെടുക്കവേ ഉഷ വെളിപ്പെടുത്തി. ഒരു സംവിധായകനിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി, ഇംഗിതത്തിന് വഴങ്ങാത്തതിന്റെ പേരിൽ സെറ്റിൽ വെച്ച് അപമാനിച്ചു. ശക്തമായി പ്രതികരിച്ചതിന് പിന്നാലെ അവസരങ്ങൾ നിഷേധിക്കപ്പെട്ടു. സംവിധായകനെതിരെ ചെരിപ്പൂരേണ്ടി വന്നുവെന്നും ഉഷ വെളിപ്പെടുത്തി.
മോശമായി പെരുമാറിയതിനെതിരെ പരാതിപ്പെട്ടപ്പോൾ ഒതുക്കി തുടർന്ന് സിനിമകൾ പതിയെ കുറഞ്ഞുതുടങ്ങി. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരും പിന്തുണച്ചില്ലെന്നും ഉഷ പറഞ്ഞു. സിനിമയിലെ പവർ ഗ്രൂപ്പ് ആരാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഇനിയെങ്കിലും സിനിമാ മേഖലയിൽ സ്ത്രീകൾക്ക് പേടിയില്ലാതെ ജോലി ചെയ്യാൻ ആകണമെന്നും ഉഷ ന്യൂസ് അവറിൽ അഭിപ്രായപ്പെട്ടു.