Kerala News

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം സഭയിൽ കൊണ്ടുവരാൻ ഇന്ന് പ്രതിപക്ഷം ശ്രമിച്ചേക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം സഭയിൽ കൊണ്ടുവരാൻ ഇന്ന് പ്രതിപക്ഷം ശ്രമിച്ചേക്കും. റിപ്പോർട്ട് ലഭിച്ച് നാലര വർഷം സർക്കാർ പൂഴ്ത്തി എന്നും സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിൽ നടപടികൾ ഒന്നും സ്വീകരിച്ചില്ല എന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സഭ ഇന്നും പ്രക്ഷുബ്ധമായേക്കും.

പനി കാരണം രണ്ടു ദിവസം വിശ്രമത്തിൽ ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ എത്തിയേക്കും. ഗവർണർ – മുഖ്യമന്ത്രി യുദ്ധം പുതിയ തലത്തിലേക്ക് നീങ്ങുമ്പോൾ ആ വിഷയവും സഭയിൽ ഉയരും. ഗവർണർ വിഷയത്തിൽ സഭയിൽ മുഖ്യമന്ത്രി എന്ത്  പറയും എന്നതും പ്രധാനമാണ്.

തുടർച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയം ചർച്ചക്കെടുത്തു എന്ന അപൂർവ്വതയും ഈ സഭാ കാലയളവിലുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലാണ് ആദ്യം ചർച്ച അനുവദിച്ചത്. എന്നാൽ പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കും എത്തിയതോടെ സഭ പിരിഞ്ഞതിനാൽ ചർച്ച നടന്നില്ല. എഡിജിപി – ആർഎസ്എസ് കൂടിക്കാഴ്ചയെ സംബന്ധിച്ചും തൃശൂർ പൂരം അലങ്കോലമായത് സംബന്ധിച്ചും പിന്നീടുള്ള രണ്ട് ദിവസങ്ങളിൽ ചർച്ച നടന്നു.

Related Posts

Leave a Reply