Entertainment Kerala News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മമ്മൂട്ടിയെ തള്ളി സംവിധായകന്‍ പ്രിയനന്ദനന്‍.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ മമ്മൂട്ടിയെ തള്ളി സംവിധായകന്‍ പ്രിയനന്ദനന്‍. സിനിമയിലെ പവര്‍ ഗ്രൂപ്പ് യാഥാര്‍ഥ്യമാണെന്നും താന്‍ പവര്‍ ഗ്രൂപ്പിന്റെ രക്തസാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ‘അത് മന്ദാര പൂവല്ല’ എന്ന തന്റെ രണ്ടാമത്തെ സിനിമ മുടങ്ങിയത് പവര്‍ ഗ്രൂപ്പിന്റെ ഇടപെടലിനെ തുടര്‍ന്നെന്നും അദ്ദേഹം വ്യക്തമാക്കി. പൃഥ്വിരാജും കാവ്യാമാധവവും അഭിനയിച്ച സിനിമ ആറ് ദിവസത്തെ ഷൂട്ടിനു ശേഷം മുടങ്ങി. വിനയന്റെ സിനിമയില്‍ അഭിനയിച്ചതിന് പൃഥ്വിരാജിന് വിലക്ക് വന്നതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത് – പ്രിയനന്ദനന്‍ ചൂണ്ടിക്കാട്ടി.

ഹേമകമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതുകൊണ്ട് ആളുകള്‍ക്ക് ആത്മബലം കിട്ടിയെന്നും അന്യായങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു മേഖലകളില്‍ നടക്കുന്നുണ്ട് എന്ന താരതമ്യത്തിന്റെ ആവശ്യമില്ലെന്നും കൂടെ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം സിനിമ പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും സംവിധായകന്‍ വ്യക്തമാക്കി.

നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്ന ആരോപണങ്ങളിലും പരാതികളും പ്രതികരണവുമായി നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. വിവാദങ്ങളില്‍ ആദ്യം പ്രതികരിക്കേണ്ടത് സംഘടനയും നേതൃത്വവുമാണ് അതുകൊണ്ടാണ് പ്രതികരണം വൈകിയതെന്ന് മമ്മൂട്ടി പറഞ്ഞു. സിനിമയില്‍ ഒരു ശക്തി കേന്ദ്രവും ഇല്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. ശക്തി കേന്ദ്രങ്ങള്‍ക്ക് നിലനില്‍പ്പുള്ള ഇടമല്ല സിനിമയെന്നും പോലീസ് അന്വേഷിക്കട്ടെ, കോടതി ശിക്ഷ വിധിക്കട്ടെയെന്നും അദ്ദേഹം വിശദമാക്കിയിരുന്നു.

Related Posts

Leave a Reply