India News

ഹരിയാനയില്‍ കാളയെ വാഹനത്തിൽ കൊണ്ടുപോയ യുവാവിന് മർദ്ദനം

ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം. ഈ മാസം 18 ന് ഹരിയാനയിലെ നുഹ് ഏരിയയിലാണ് സംഭവം. “ഗൗ ഹമാരി മാതാ ഹേ” (പശു ഞങ്ങളുടെ അമ്മയാണ്), “ബെയിൽ ഹമാരാ ബാപ് ഹേ” (കാള ഞങ്ങളുടെ പിതാവാണ്) എന്ന് ആവർത്തിച്ച് ഉച്ചരിക്കാൻ അക്രമികൾ പിക്കപ്പ് ട്രക്ക് ഡ്രൈവറായ അർമാൻ ഖാനോട് ആവശ്യപ്പെടുകയായിരുന്നു. മുട്ടുകുത്തിച്ച് നിർത്തി ശരീരത്തിൽ ശക്തമായി അടിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തു. അമർ ഖാനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

2023 ഫെബ്രുവരി 16-ന് പശുക്കടത്ത് ആരോപിച്ച് 25 വയസ്സുള്ള നസീറിനെയും 35 വയസ്സുള്ള ജുനൈദിനെയും ബജ്‌റംഗ്ദൾ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന സംഭവം ഹരിയാനയിലായിരുന്നു. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് വ്യാപകമായി കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു.

95 ശതമാനം ഗോസംരക്ഷകരും പ്രവർത്തിക്കുന്നത് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. അതിൽ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ ഒന്നാണ് ഹരിയാന.

Related Posts

Leave a Reply