തൃക്കുന്നപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവാവാണ് വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറയുകയും ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും ചെയ്തത്.
ആക്രമണത്തിൽ തൃക്കുന്നപ്പുഴ പതിയാങ്കര വാത്തിശ്ശേരിൽ വീട്ടിൽ തസ്കർ എന്ന് വിളിക്കുന്ന വിഷ്ണുവിനെ (28) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിൽ നിന്ന് വീണ് കാൽമുട്ടിന് പരിക്കേറ്റ വിഷ്ണു സുഹൃത്തിനൊപ്പമാണ് ആശുപത്രിയിൽ എത്തിയത്. മുറിവിൽ മരുന്ന് പുരട്ടിയപ്പോൾ നീറുന്നു എന്ന കാരണം പറഞ്ഞ് വനിതാ ഡോക്ടറെയും ഒപ്പം ഉണ്ടായിരുന്ന നഴ്സുമാരെയും അസഭ്യം പറയുകയും മുറിയിൽ ഉണ്ടായിരുന്ന കസേരകൾ അടിച്ചു തകർക്കുകയും ആയിരുന്നു.
സുഹൃത്ത് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് തൃക്കുന്നപ്പുഴ പൊലീസ് ആശുപത്രിയിൽ എത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.