ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്നും 26 കിലോ സ്വർണം മോഷ്ടിച്ച സംഭവത്തിൽ വീഡിയോ സന്ദേശവുമായി പൊലീസ് തിരയുന്ന പ്രതി. മുൻ മാനേജർ മധ ജയകുമാറാണ് താൻ നിരപരാധിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ്, വിഡിയോ സന്ദേശവുമായി പ്രതി മധ ജയകുമാർ രംഗത്തെത്തിയത്. താൻ നിരപരാധി ആണെന്നും അസുഖം ആയതിനാലാണ് വടകരയിൽ നിന്ന് മാറി നിന്നതെന്നും പ്രതി വീഡിയോ സന്ദേശത്തിൽ പറയുന്നു.
തമിഴ്നാടു മേട്ടുപ്പാളയം സ്വദേശിയായ മുൻ മാനേജർ മധ ജയകുമാർ കഴിഞ്ഞമാസം സ്ഥലം മാറിപ്പോയിരുന്നു.
പകരം എത്തിയ മാനേജരാണ് തട്ടിപ്പ് കണ്ടെത്തിയതും പൊലീസിൽ പരാതി നൽകിയതും. 26 കിലോ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ച്, 17 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.