Kerala News

‘സ്വയം മനസ്സിലാക്കി പിന്തിരിയണം’; ക്ഷേത്രങ്ങളിലെ ആർഎസ്എസ് നിരോധനത്തെ പിന്തുണച്ച് മന്ത്രി

തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തനം നിരോധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലറിനെ പിന്തുണച്ച് സർക്കാർ. ആരാധനാലയങ്ങൾ സമാധാന കേന്ദ്രങ്ങൾ ആവണമെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ആരാധനാലയങ്ങളിലേക്കുള്ള ആരുടേയും പ്രവേശനം തടയുന്നതല്ല സർക്കുലറെന്നും, വിവാദം ഉണ്ടാക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ക്ഷേത്ര പരിസരങ്ങളിൽ ആർഎസ്എസ് പ്രവർത്തനത്തിന് വിലക്കേർപ്പെടുത്തി കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ ഇറക്കിയത്. ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാത്തവരുടെ ചിത്രങ്ങളും ഫ്ളക്സുകളും പോസ്റ്ററുകളും സ്ഥാപിക്കരുതെന്നും, സംഘടനകളുടെ കൊടിതോരണങ്ങൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയിരുന്നു. ദേവസ്വം ബോർഡ്‌ തീരുമാനത്തെ അംഗീകരിച്ച മന്ത്രി കെ രാധാകൃഷ്ണൻ, ആരാധനാലയങ്ങൾ സമാധാന കേന്ദ്രങ്ങൾ ആവണമെന്നാണ് സർക്കാർ നിലപാടെന്ന് പ്രതികരിച്ചു. അവിടെ ആയുധ പരിശീലനം നടത്തുന്നത് ഗുണകരമല്ലെന്നും മന്ത്രി പറഞ്ഞു.

ആരെയും ആരാധനാലയങ്ങളിൽ വരുന്നത് തടസ്സപ്പെടുത്താനല്ല സർക്കുലർ ഇറക്കിയത്. വിവാദമുണ്ടാക്കേണ്ട ആവശ്യമില്ല. സ്വയം മനസ്സിലാക്കി പിന്തിരിയുകയാണ് വേണ്ടത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

Leave a Reply