ബെംഗളൂരു: സ്വന്തം പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവിൽ പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുപത് വയസുള്ള യുവതിയാണ് വഞ്ചനയ്ക്ക് ഇരയായത്. പ്രതിയായ മോഹൻ കുമാർ എന്നയാളും യുവതിയും ബോർഡിങ് സ്‌കൂൾ കാലഘട്ടം മുതൽക്കേ അറിയാവുന്നവരാണ്. എന്നാൽ പിന്നീട് വെവ്വേറെ സ്ഥലങ്ങളിലായി. ഒരുപാട് കാലത്തിന് ശേഷം ഇരുവരും വീണ്ടും കണ്ടതോടെ വീണ്ടും പരിചയം പുതുക്കുകയും, അത് പ്രണയത്തിലേക്ക് വഴിമാറുകയുമായിരുന്നു.
യുവതിയെ വിവാഹം കഴിക്കാമെന്ന് മോഹൻ കുമാർ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് വിശ്വസിച്ച് യുവതി ഇയാൾക്കൊപ്പം നിരവധി സ്ഥലങ്ങളിലേക്ക് യാത്ര പോകുകയും പതിവായിരുന്നു. അത്തരത്തിലൊരു യാത്രയ്ക്കിടെയാണ് മോഹൻ കുമാർ യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയത്. ശേഷം ഭീഷണിപ്പെടുത്താൻ തുടങ്ങി.
ഭീഷണിയും അപമാനവും സഹിക്കാൻ വയ്യാതെയായതോടെ യുവതി ആദ്യം തന്റെ മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ നൽകി. എന്നാൽ വീണ്ടും മോഹൻ കുമാർ ഭീഷണി തുടരുകയായിരുന്നു. ഇതോടെ വീണ്ടും 1.32 കോടി രൂപ നൽകി. തുടർന്ന് ഇയാൾ വിലകൂടിയ വാച്ചുകളും, സ്വർണവും, ആഡംബര കാറുമെല്ലാം ആവശ്യപ്പെട്ടു. ഒടുവിൽ സഹിക്കാൻ വയ്യാതെയായതോടെ യുവതി പരാതിപ്പെടുകയായിരുന്നു. കുമാറിന് ലഭിച്ച രണ്ടരകോടിയിൽനിന്ന് 80 ലക്ഷം നിലവിൽ കണ്ടെത്തിയിട്ടുണ്ട്.