ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപവുമായി ബന്ധപ്പെട്ട കരട് ബില്ല് തയാറായി. സർക്കാരിന്റെ ശക്തമായ നിയന്ത്രണത്തിൽ ആയിരിക്കും സ്വകാര്യ സർവകലാശാലകൾ അനുവദിക്കുകയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു.
‘നയപരമായ മാറ്റമല്ല. സർക്കാരിൻറെ ഊന്നൽ സർക്കാർ സ്ഥാപനങ്ങൾക്ക് തന്നെയാണ്. ഉന്നത നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് സർവ്വകലാശാലകളായി പരീക്ഷണാടിസ്ഥാനത്തിൽ അനുവദിക്കുക’ മന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവരാനാണ് നീക്കം.
ബജറ്റുമായി ബന്ധപ്പെട്ട പ്രതിപക്ഷ വിമർശനത്തിലും മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. ബജറ്റ് രാഷ്ട്രീയമാക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബജറ്റിൽ സർക്കാരിന്റെ നയസമീപനങ്ങൾ പ്രതിഫലിക്കുമെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. രാഷ്ട്രീയ നിലപാടുകളിൽ നിന്നാണ് നയം മുന്നോട്ട് വയ്ക്കുക, കേന്ദ്രസർക്കാരിന്റെ നിസ്സഹകരണവും രാഷ്ട്രീയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.