കൊച്ചി : സ്മാര്ട്ട് സിറ്റി പദ്ധതിയിൽ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നൽകി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനമുയരുന്നതിനിടെ, വീഴ്ച വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. സ്മാർട്ട് സിറ്റി കരാറിൽ സർക്കാർ വീഴ്ച വ്യക്തമാക്കുന്ന വിവരാവകാശ രേഖകളാണ് ഏഷ്യാനെറ്റ് ന്യൂസിന് പുറത്ത് വിട്ടത്. പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. പദ്ധതി എന്നാണ് പൂർത്തിയാക്കേണ്ടത് എന്നതിൽ പ്രത്യേകിച്ച് തിയതി നിശ്ചയിച്ചിട്ടിലെന്നായിരുന്നു വിവരാവകാശപ്രകാരമുളള ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയത്. 2007 ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല.
സമയബന്ധിതമായി പൂർത്തിയാക്കേണ്ട പദ്ധതി ഒരു ഘട്ടത്തിലും സർക്കാർ മേൽനോട്ടവും ഉണ്ടായിട്ടില്ല. 5 നടപടികൾ സർക്കാർ നൽകി പൂർത്തിയാക്കുന്ന ദിവസം മുതൽ 10 വർഷത്തേക്ക് എന്നതാണ് കരാറിലെ വ്യവസ്ഥയെന്നായിന്നു സർക്കാർ വാദം. എന്നാൽ ഇതൊന്നും സർക്കാർ രേഖകളിൽ രേഖപ്പെടുത്തിയിട്ടില്ല. സെസ് അനുമതി ലഭ്യമാക്കിയത് അടക്കം കൃത്യം സമയത്ത് നടപടികൾ പൂർത്തിയാക്കിയെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും അതും രേഖയിൽ ഇല്ല. ടീകോമിന് എതിരെ സർക്കാരിന് മുന്നിലുണ്ടാകാവുന്ന നിയമ വഴി അടച്ചതും സർക്കാർ തന്നെയെന്ന് ഈ രേഖകളിൽ നിന്നും വ്യക്തമാണ്. അതായത് പദ്ധതി എന്ന് പൂർത്തിയാക്കണമെന്നതിൽ കരാറിൽ വ്യക്തതയില്ല. വിഷയം കോടതിയിലെത്തിയാൽ ക്ലോസിംങ് ഡേറ്റ് ഇല്ലാത്തതിനാൽ കരാർ ലംഘനമില്ലെന്ന് ടീ കോമിന് വാദിക്കാം. മുന്നോട്ടുള്ള നിയമ നടപടിയിൽ സർക്കാർ വാദങ്ങൾ സർക്കാർ തന്നെ ദുർബലപ്പെടുത്തിയെന്നും വ്യക്തമാണ്.