മുംബൈ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മാപ്പർഹിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ പി ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. പ്രതികൾ ആരുമാകട്ടെ അവർക്ക് ശിക്ഷ ഉറപ്പാക്കണം. സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതികൾ മാപ്പർഹിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാരുകളെ ഒരിക്കൽ കൂടി ഓർമിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പശ്ചിമബംഗാളിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഓഗസ്റ്റ് ഒമ്പതിനായിരുന്നു സംഭവം. നീണ്ട ഡ്യൂട്ടി സമയത്തിന് ശേഷം ആശുപത്രിയിലെ സെമിനാർ ഹാളിൽ വിശ്രമിക്കാനെത്തിയ 31കാരിയായ ഡോക്ടറെ പ്രതിയായ സഞ്ജയ് റോയ് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. സെമിനാർ ഹാളിൽ നിന്നും അർധനഗ്നയായ നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ റോയിയെ പൊലീസ് പിടികൂടിയിരുന്നു. ഓഗസ്റ്റ് 13ന് കേസ് കൊൽക്കത്ത ഹൈക്കോടതി ഇടപെട്ട് സിബിഐക്ക് കൈമാറി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി കുറ്റം സമ്മതിച്ചതെന്നും വിവരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ സൈക്കോ അനാലിസിസ് ടെസ്റ്റിൽ പ്രതി മൃഗീയ സ്വാഭാവങ്ങൾ കാണിക്കുന്നുവെന്നും അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും പറഞ്ഞിരുന്നു.
ഇതിനിടെ മഹാരാഷ്ട്രയിലെ ബദൽപൂരിൽ നാല് വയസ് മാത്രം പ്രായമൂള്ള രണ്ട് പെൺകുട്ടികളെ സ്കൂളിലെ സുരക്ഷ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സംസ്ഥാനത്തും പ്രതിഷേധം തുടരുന്നുണ്ട്. ബദൽപൂരിലെ സ്വകാര്യ സ്കൂളിലെ ശുചിമുറിയിൽ വെച്ച് ശുചീകരണ തൊഴിലാളി കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ദാദാ മോശമായി രീതിയിൽ തൊട്ടുവെന്നായിരുന്നു കുട്ടികളുടെ പ്രതികരണം. സ്വകാര്യഭാഗങ്ങളിൽ വേദനയനുഭവപ്പെടുന്നുവെന്ന് ഒരു കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. പ്രതിഷേധക്കാർ സ്കൂളിന് നേരെയും അക്രമം അഴിച്ചുവിട്ടിരുന്നു. പ്രിൻസിപ്പൾ ഉൾപ്പെടെ മൂന്ന് പേരെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രതിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. കേസുകൾ പിൻവലിച്ചില്ലെങ്കിൽ തങ്ങൾ തെരുവിലിറങ്ങും എന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ വാദം. വിഷയത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു. സ്കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷയുറപ്പാക്കാൻ സ്കൂളുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കൽ, വിദ്യാർത്ഥികളുമായി ഇടയ്‌ക്കിടെ ഇടപഴകുന്ന സ്‌കൂൾ ജീവനക്കാരുടെ പരിശോധന വർധിപ്പിക്കൽ തുടങ്ങിയ നിരവധി നടപടികളും ഷിൻഡെ നിർദേശിച്ചിട്ടുണ്ട്
അസമിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. വ്യാഴാഴ്ചയായിരുന്നു അസമിലെ നാഗോണിൽ പതിനാല് വയസുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പിന്നാലെ പെൺകുട്ടിയെ പരിക്കുകളോടെ പ്രദേശത്തെ കുളത്തിന് സമീപമുള്ള റോഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു.