കോഴിക്കോട് : സ്ത്രീകളെ വാഹനത്തില്‍ കയറ്റി ബോധം കെടുത്തി ആഭരണങ്ങള്‍ കവരുന്ന രീതി പിന്തുടരുന്ന കൊടും ക്രിമിനൽ മുജീബ് റഹ്മാനെ കൃത്യമായി നിരീക്ഷിക്കുന്നതില്‍ പൊലീസിന് പറ്റിയ വീഴ്ചയാണ് പേരാമ്പ്രയ്ക്ക് അടുത്ത് നൊച്ചാട് നടന്ന കൊലപതാകത്തിന് പ്രധാന കാരണം. വിവിധ ജില്ലകളില്‍ ഉള്‍പ്പടെ അറുപതോളം കേസുകളില്‍ ഉള്‍പ്പെട്ട കൊടും ക്രൂരനായ ക്രിമിനലുകളെ എങ്ങനെ നിരീക്ഷിക്കണമെന്ന് പൊലീസ് ചട്ടങ്ങളില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ കേസില്‍ പൊലീസ് കാണിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് വ്യക്തമാണ്. മനസാക്ഷിയെ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിയാണ് മുജീബ് റഹ്മാന്. മോഷണം പിടിച്ചുപറി എന്നിവയ്ക്കൊപ്പം സ്ത്രീകളെ തന്ത്രപൂര്‍വ്വം വാഹനത്തില്‍ കയറ്റി ആക്രമിച്ച് ബോധം കെടുത്തി ബലാല്‍സംഗം ചെയ്യുകയും സ്വര്‍ണ്ണം കവരുകയുമായിരുന്നു പ്രതി പിന്തുടര്‍ന്ന രീതി.
2020ത്തിൽ ഓമശ്ശേരിയില്‍ വയോധികയെ തന്ത്രപൂര്‍വ്വം മോഷ്ടിച്ച ഓട്ടോയില്‍ കയറ്റിയ പ്രതി ഓട്ടോയുടെ കമ്പിയില്‍ തലയിടിപ്പിച്ച് ബോധരഹിതയാക്കിയാണ് കെട്ടിയിട്ട് പീഡിപ്പിച്ചത്. പേരാമ്പ്ര സംഭവത്തില്‍ അനുവിനെ തലയ്ക്കടിച്ച് ബോധം കെടുത്തിയാണ് വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തിയത്. വയനാട്ടിലും ഏറെക്കുറെ സമാനമായ കുറ്റകൃത്യം നടത്തിയെന്ന് സൂചനയുണ്ട്.
മോഷണം പിടിച്ചുപറി ഉള്‍പ്പടെ അറുപതോളം കേസുകളില്‍ പ്രതിയായ മുജീബ് ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളില്‍ മാത്രമാണ്.കരുതല്‍ തടങ്കലില്‍ വെക്കാനും ജില്ലകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള കാപ്പ പോലുള്ള നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും കേസുകളില്‍ ഉള്‍പ്പെട്ട മുജീബ് യഥേഷ്ടം വിഹരിച്ചത്. കൊണ്ടോട്ടിയിലാണ് ഇയാളുടെ വീട്. ഇവിടെ മാത്രം 13 കേസുകളുണ്ട്.