Kerala News

സ്കൂൾ വിട്ട് വരുന്ന എട്ടാം ക്ലാസുകാരിയെ ഒളിച്ചിരുന്ന് കടന്നുപിടിച്ചു, തിരുവന്തപുരത്ത് യുവാവിന് ഏഴ് വർഷം തടവ്

തിരുവനന്തപുരം: പെൺക്കുട്ടിയെ കടന്നുപിടിച്ച പോക്സോ കേസിലെ പ്രതിയെ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചു. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയെ കടന്ന് പിടിച്ച കേസിൽ പ്രതി ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷ് രാജനെ (30) ഏഴ് വർഷം വെറും തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. 

പിഴ അടച്ചില്ലെങ്കിൽ അഞ്ച് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2022 നവംബർ 25 മൂന്ന് മണിക്ക് മുക്കോല മരുതൂർ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിൽ നിന്ന് പതിമൂന്ന് കാരിയായ കുട്ടി വീട്ടിൽ തിരിച്ച് വരുന്ന വഴി പ്രതി ഒരു വീടിന് മുന്നിൽ നിന്ന് ബഹളം വെക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി പേടിച്ച് അതേ വീട്ടിൽ കയറി ഒതുങ്ങി നിന്നു. പ്രതി പോയി കഴിഞ്ഞിട്ട് പോയാൽ മതിയെന്ന് ആ വീട്ടിലുള്ളവർ കുട്ടിയോട് പറഞ്ഞു.

കുറച്ച് നേരം കഴിഞ്ഞ്  പ്രതി പോയിക്കാണും എന്ന് കരുതി കുട്ടി തിരിച്ചു പോകവെ ഒളിഞ്ഞ് നിന്ന പ്രതി കുട്ടിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്ന് പിടിക്കുകയും ചെയ്തു കുട്ടി പ്രതിയെ തട്ടി മാറ്റി ഓടി രക്ഷപെട്ടു. വീട്ടിൽ എത്തി സംഭവം പറഞ്ഞതിനെ തുടർന്ന്  വീട്ടുകാർ  സ്ഥലത്തെത്തിയപ്പോൾ പ്രതി അവിടെ ഇല്ലായിരുന്നു. ഇയാളെ ആദ്യം കണ്ട വീട്ടുകാരെ അസഭ്യം വിളിച്ചപ്പോൾ താൻ ചിറ്റാഴയുള്ള രാജേഷ് ആണെന്നും തന്നെ നിങ്ങർക്ക് ഒന്നും ചെയ്യാനാകില്ലായെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇങ്ങനെയാണ് പൊലീസിന്  പ്രതിയുടെ വിവരങ്ങൾ  ലഭിച്ചത്. കുട്ടി മണ്ണന്തല പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ ഇതേ പേരിലുള്ള പ്രതി ഒരു സ്ത്രീയെ ഉപദ്രവിച്ച കേസിൽ ജയിലിൽ കിടക്കുകയാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതേ ദിവസം വൈകിട്ട് തന്നെ സ്ത്രിയെ ഉപദ്രവിച്ച കേസിൽ വട്ടപ്പാറ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്ത് കോടതി റിമാൻഡ് ചെയ്തിരുന്നു. പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. മണ്ണന്തല എസ്ഐ ആർ.എൽ.രാഹുലാണ് കേസ് അന്വേഷിച്ചത്.

Related Posts

Leave a Reply