തിരുവനന്തപുരം: സ്‌കൂള്‍ കായികമേള സമാപനച്ചടങ്ങില്‍ പോയിന്റിനെച്ചൊല്ലി സംഘര്‍ഷമുണ്ടായതിന് പിന്നാലെ വിശദീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒളിമ്പിക്‌സ് മാതൃകയില്‍ നടത്തുന്ന കായികമേളയില്‍ ജനറല്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് സ്‌കൂള്‍ വേര്‍തിരിവുകള്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജനറല്‍ സ്‌കൂള്‍, സ്‌പോര്‍ട്‌സ് ഡിവിഷന്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്‌പോര്‍ട്‌സ് അക്കാദമികള്‍ എന്ന വ്യത്യാസം കൂടാതെയാണ് കുട്ടികള്‍ പങ്കെടുക്കുന്നത്. ഈ സാഹചര്യത്തില്‍ സ്‌കൂളുകളെ വേര്‍തിരിച്ച് സമ്മാനം നല്‍കുന്നത് ഉചിതമല്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന കായിക മേളയിലൂടെ പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നത് മികച്ച കായിക പ്രതിഭകളെ കണ്ടെത്തുകയും അവരെ ഭാവിയിലെ മികച്ച കായിക താരങ്ങളായി വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്നതാണെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍കാലങ്ങളില്‍ സ്‌പോര്‍ട്‌സ് ഡിവിഷനുകളും ജനറല്‍ സ്‌കൂളുകളും വേര്‍തിരിച്ച് മത്സരം നടത്തിയിരുന്നത് ഏകീകരിച്ചത്. ഈ ഏകീകരണത്തെ തുടര്‍ന്ന് വീണ്ടും സ്‌പോര്‍ട്‌സ് സ്‌കൂള്‍, ജനറല്‍ സ്‌കൂള്‍ എന്നിങ്ങനെ സ്‌കൂളുകളെ വേര്‍തിരിക്കുക ഉചിതമല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സ്‌പോര്‍ട്‌സില്‍ മികവിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. മികവിന് മറ്റു രീതിയിലുള്ള വേര്‍തിരിവുകള്‍ കൊണ്ടുവരുന്നത് സ്‌പോര്‍ട്‌സിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമല്ല എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് 39 കായിക ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലയെ കണക്കാക്കുന്നതില്‍ ഒരുമിച്ച് മത്സരിക്കുന്ന കുട്ടികളെ സ്‌പോര്‍ട്‌സ് സ്‌കൂള്‍ എന്നോ ജനറല്‍ സ്‌കൂള്‍ എന്നോ കാറ്റഗറി തിരിച്ച് വേര്‍തിരിക്കുന്നില്ല. അത്ലറ്റിക്‌സ് എന്ന കായിക ഇനത്തില്‍ മാത്രം വേര്‍തിരിവ് നല്‍കുവാന്‍ സാധിക്കില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.