ചെന്നൈ: സ്കൂളിൽ കളിക്കുന്നതിനിടെ അഴുക്കുചാലിൽ വീണ് മൂന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പാളും അധ്യാപകരും അറസ്റ്റിൽ. സ്‌കൂൾ പ്രിൻസിപ്പൽ എമിൽറ്റ, അധ്യാപികമാരായ ഡോമില മേരി, എയ്ഞ്ചൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് വിഴുപ്പുറം ജില്ലയിലെ വിക്രവണ്ടിയിലുളള സ്വകാര്യ സ്കൂളിലാണ് കേസിനാസ്പദമായ സംഭവം. പഴനിവേൽ ശിവശങ്കരി ദമ്പതികളുടെ മകൾ ലിയ ലക്ഷ്മിയാണ് മരിച്ചത്. അപകടം നടന്നത് സ്കൂൾ അധികൃതർ രക്ഷിതാക്കളിൽ നിന്ന് മറച്ചു വെച്ചതായി ആരോപണങ്ങളുണ്ടായിരുന്നു. സ്‌കൂൾ മാനേജ്‌മെൻ്റിനെതിരെ പ്രതിഷേധിച്ച് കുട്ടിയുടെ ബന്ധുക്കൾ ചെന്നൈ-ട്രിച്ചി ദേശീയ പാത ഉപരോധിക്കുകയും ചെയ്തിരുന്നു. അഴുക്കുചാലിന് മുകളിലെ ഇരുമ്പ് കവർ അഴിഞ്ഞുവീണതിനെ തുടർന്ന് കുട്ടി ടാങ്കിലേക്ക് വീഴുകയായിരുന്നു. അപകടം നടന്നയുടൻ അധ്യാപകരും സ്‌കൂൾ ജീവനക്കാരും കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മരിച്ചു.