പാലക്കാട്: അന്തർ സംസ്ഥാന മോഷ്ടാക്കളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. 2024 ജൂൺ 29 ന് എലപ്പുള്ളി നോമ്പിക്കോട് ഭാഗത്ത് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തി പുറകിൽ നിന്നും മാല കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. പാലക്കാട് വടക്കേവിള അയത്തിൽ കൊല്ലം സ്വദേശി സെയ്താലി (24), വടക്കേവിള പള്ളി മൊക്ക് കൊല്ലം സ്വദേശി അമീർഷാ (28) എന്നിവരെയാണ് പാലക്കാട് കസബ പൊലീസ് എറണാകുളം ചെറായയിൽ നിന്നും പിടികൂടിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ
2024 ജൂൺ മാസം 29 തീയതി എലപ്പുള്ളി നോമ്പിക്കോട് ഭാഗത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതിയെ പിന്തുടർന്ന് ബൈക്കിൽ വന്ന രണ്ട് യുവാക്കൾ പുറകിൽ നിന്നും മാല കവരുകയായിരുന്നു. വടക്കേവിള അയത്തിൽ കൊല്ലം സ്വദേശി സെയ്താലി എന്ന ആനക്കള്ളൻ സെയ്താലി വയസ് 24, വടക്കേവിള പള്ളി മൊക്ക് കൊല്ലം സ്വദേശി അമീർഷാ എന്ന വവ്വാൽ അമീർ വയസ് 28 , എന്നിവരെയാണ് പാലക്കാട് കസബ പൊലീസ് എറണാകുളം ചെറായ നിന്നും പിടികൂടിയത്. മാല കവർന്ന ശേഷം പ്രതികൾ തമിഴ്നാട്ടിലേക്കും പിന്നീട് കേരളത്തിലേക്ക് കടക്കുകയും ചെയ്തു. ബൈക്കിൽ തെറ്റായ നമ്പരും മുഖംമറച്ചു കൊണ്ടും തെളിവുകൾ ബാക്കി വയ്ക്കാതെ ആയിരുന്നു പ്രതികളുടെ ഓരോ നീക്കവും. പാലക്കാട് കസബ പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളിലേക്ക് വളരെ വേഗം എത്താനായത്. ഏകദേശം 450 കിലോമീറ്റർ ദൂരം 300 ഓളം സി സി ടി വി പരിശോധന നടത്തിയ ശേഷം ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
രണ്ട് പ്രതികൾക്കും തമിഴ്നാട്ടിലും കേരളത്തിലുമായി മാല പൊട്ടിക്കൽ, കഞ്ചാവ് കേസ്, പിടിച്ചുപറി, ബൈക്ക് മോഷണം , പോക്സോ തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. സ്കൂട്ടറിൽ സഞ്ചരിക്കുന്ന സ്ത്രീകളെയാണ് ഇവർ പ്രധാനമായും നോട്ടമിടുന്നത്. വലിയ സ്വർണ്ണമാല ധരിച്ചവരെ കണ്ടാൽ പ്രതികൾ സഞ്ചരിക്കുന്ന ആഡംബര ബൈക്ക് തിരിച്ച് അവരുടെ പുറകിൽ വന്നാണ് അതിവേഗത്തിൽ മാല കവരുന്നത്. കിട്ടിയ മലയുമായി അതിവേഗത്തിൽ പായുകയാണ് പതിവ്. മാല പൊട്ടിക്കുന്ന ഒരു ദിവസം മുൻപായി സ്ഥലങ്ങൾ എല്ലാം മനസ്സിലാക്കാനായി കാറിൽ യാത്ര ചെയ്യുന്ന രീതിയാണ് ഇവർക്ക്. കാറിൽ വന്ന ഒരാളെ കൂടി കേസിൽ അറസ്റ്റ് ചെയ്യാനുണ്ട്. സ്വർണ്ണം വിൽപ്പന നടത്തിയതിൽ ലഭിച്ച രണ്ടരലക്ഷം രൂപയും മൊബൈൽ ഫോൺ എന്നിവ പോലീസ് ഇവരിൽ നിന്നും റിക്കവറി ചെയ്ത് കോടതിയിൽ ഹാജരാക്കും.
പാലക്കാട് ജില്ല പൊലീസ് മേധാവി ആനന്ദ് ഐ പി എസ്,പാലക്കാട് എ സി പി അശ്വതി ജിജി ഐ പി എസ്, കസബ ഇൻസ്പെക്ടർ വി വിജയരാജൻ എന്നിവരുടെ നിർദ്ദേശപ്രകാരം പാലക്കാട് കസബ എസ് ഐ ഹർഷാദ് എച്ച്, എസ് ഐ അനിൽകുമാർ, ജതി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജീദ് ആർ, സായുജ്, ജയപ്രകാശ് എസ്, സി പി ഒ അൻസിൽ, ഷാജഹാൻ, ഡ്രൈവർ പ്രിൻസ്, മാർട്ടിൻ എന്നിവരാണ് കേസിന്റെ തുടക്കം മുതൽ അന്വേഷണം നടത്തിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ പ്രതികൾ മാല പൊട്ടിക്കലിലൂടെ ലഭിക്കുന്ന പണം ആഡംബരത്തിനും സുഖസൗകര്യത്തിനും ആയി ഉപയോഗിക്കുകയും ബാംഗ്ലൂർ, ചെന്നൈ ,കോയമ്പത്തൂർ ,കൊച്ചി തുടങ്ങി സിറ്റികളിൽ മദ്യം, മയക്കുമരുന്ന് തുടങ്ങി തുടങ്ങിയ ഉപയോഗിച്ച് ആഡംബര റിസോർട്ടുകളിലും ഹോട്ടലുകളിലും താമസിച്ച് നമ്പർ പ്ലേറ്റ് മാറ്റിയ നിലയിലും തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് സൗത്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങുകയാണ് ഇവരുടെ രീതി. ദിവസങ്ങളോളം പോലീസ് ഉറക്കം കളഞ്ഞ് ഇവരുടെ പുറകെ ആയിരുന്നു. ഒരിക്കലും പിടിക്കില്ല എന്ന് വിശ്വസിച്ചിരുന്ന പ്രതികൾ പോലീസിനെ കണ്ടത് ഞെട്ടലോടുകൂടിയാണ്.