കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയ ചുമതല അനില്‍ ആന്റണിയെ ഏല്‍പ്പിച്ച് ബിജെപി. നേരത്തേ പുതുപ്പള്ളിയില്‍ അനില്‍ ആന്റണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ലിജിന്‍ ലാലിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് അനില്‍ ആന്റണി ഇറങ്ങിയിരുന്നു. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി അനിലിനെ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് മുന്നോടിയായി കേരളത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്. നിലവില്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ചുമതലയാണ് അനില്‍ ആന്റണിക്ക് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് വിടുന്നതിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോഓര്‍ഡിനേറ്ററായി അനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.