മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടിവന്നുവെന്ന് നടൻ വിശാലിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയ്ക്ക് അയച്ചു. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാനായി ആറരലക്ഷം നൽകേണ്ടി വന്നെന്നു വിശാൽ വെളിപ്പെടുത്തിയിരുന്നത്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകി എന്ന് വിശാൽ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും താരം പുറത്തുവിട്ടിരുന്നു. സർട്ടിഫിക്കറ്റിനായി മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം താരം നേരിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്റെ കരിയറിൽ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തിലെത്തിയത്.