കൊച്ചി: സെൻബർ ബോർഡിൽ നിന്ന് ജാതി വിവേചനം നേരിടുന്നുവെന്ന ആരോപണവുമായി യുവ സംവിധായകൻ അരുൺ രാജ്. സെൻസർ ബോർഡ് അംഗങ്ങളുടെ ജാതി വിവേചനം മൂലം സിനിമയുടെ പേര് മാറ്റേണ്ടി വന്നതായും ചില രംഗങ്ങൾ ഒഴിവാക്കേണ്ടി വന്നതായുമാണ് ആരോപണം. സിനിമയുടെ പേരും സർട്ടിഫിക്കറ്റും മാറിയതോടെ വിതരണക്കാർ പിൻവാങ്ങി, ഇതുമൂലം സിനിമയ്ക്കായി പണം ചെലവഴിച്ച നിർമ്മാതാക്കളും പ്രതിസന്ധി നേരിടുകയാണെന്നും അരുൺ രാജ് പറഞ്ഞു.
‘കുരിശ്’ എന്ന പേരും ചിത്രത്തിന്റെ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചില മാറ്റങ്ങൾക്ക് നിർദേശിച്ചത്. പക്ഷേ ഈ നിർദ്ദേശങ്ങൾ അത്രയും തന്നോടുള്ള ജാതി വിവേചനം മൂലമായിരുന്നു എന്നാണ് അരുൺ രാജ് പറയുന്നത്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന കാരണം പറഞ്ഞാണ് സിനിമയുടെ പേരും ചില രംഗങ്ങളും മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത്.
നിർദേശങ്ങൾ പാലിച്ച് മാറ്റങ്ങൾ വരുത്തിയതോടെ സിനിമ വിതരണം ചെയ്യാമെന്ന് ഏറ്റ കമ്പനി പിൻവാങ്ങി. ഇതോടെ ചിത്രത്തിനായി 40 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച നിർമ്മാതാക്കളും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാൽ പ്രശ്നങ്ങൾക്ക് പിന്നിലുള്ള യഥാർത്ഥ കാരണം സംവിധായകന് നേരെയുള്ള ജാതി വിവേചനം തന്നെയാണെന്നാണ് നിർമ്മാതാക്കളും ആരോപിക്കുന്നത്.
മതങ്ങളുടെ മറവിൽ നടക്കുന്ന തിന്മകളെ ചൂണ്ടിക്കാട്ടുന്ന ഒരു ചെറിയ സിനിമ ഒരുക്കുക എന്നതായിരുന്നു ആലപ്പുഴ സ്വദേശി അരുൺ രാജിന്റെ ഏറ്റവും വലിയ സ്വപ്നം. സെൻസര്‍ ബോർഡിന്റെ തീരുമാനത്തിനത്തിരെ അപ്പീൽ നൽകണമെങ്കിലോ നിയമ പോരാട്ടം നടത്തണമെങ്കിലോ വലിയ തുക ഇനിയും ചെലവഴിക്കേണ്ടി വരും. ചിത്രത്തിനായി പണം മുടക്കി സാമ്പത്തിക പ്രതിസന്ധിയിലായ അരുൺ രാജിനും നിർമ്മാതാക്കൾക്കും നിലവിൽ അതിന് സാധിക്കില്ല. അതിനാൽ മറ്റൊരു കമ്പനി സിനിമ ഏറ്റെടുക്കാൻ തയ്യാറാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇവർക്ക് ബാക്കിയുള്ളത്.