Kerala News

സൂര്യാഘാത സാധ്യത, കന്നുകാലികൾക്കും സംരക്ഷണം വേണം; നി‍ർദ്ദേശവുമായി മൃഗ സംരക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ കടുക്കുന്ന സാഹചര്യത്തിൽ കന്നുകാലികൾക്ക് സുരക്ഷയൊരുക്കാൻ മൃഗ സംരക്ഷണ-ക്ഷീരവികസന വകുപ്പ്. കന്നുകാലികളെ മേയാൻ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കുമെന്നതിനാൽ ഈ സമയത്തു മേയാൻ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു. വേനലിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും മന്ത്രി ജെ ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചർച്ച ചെയ്തു.

അതാത് ജില്ലാ ഓഫീസർമാർ ജില്ലാ കളക്ടർമാരുമായി ബന്ധപ്പെട്ട് കന്നുകാലികൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. തൊഴുത്തിൽ വായുസഞ്ചാരം ഉറപ്പാക്കുക, ഫാൻ സൗകര്യം ലഭ്യമാക്കുക എന്നും നിർദ്ദേശമുണ്ട്. മേൽക്കൂരയ്ക്ക് മുകളിൽ പച്ചക്കറി പന്തൽ, തുള്ളി നന, സ്പ്രിങ്ക്‌ളർ അല്ലെങ്കിൽ നനച്ച ചാക്കിടുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. പശുക്കളെ രാവിലെയും വൈകിട്ടും മാത്രം മേയാൻ വിടുക. കുടിവെള്ളവും പച്ചപ്പുല്ലും ലഭ്യമാക്കുക. കാലിത്തീറ്റ രാവിലെയും വൈകിട്ടും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തണം. കന്നുകാലികളിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നതിനാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്‌സ് എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം.

ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതൽ കർഷകർ സ്വീകരിക്കണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്ന് നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വിദഗ്ധ ചികിത്സ തേടണം. സൂര്യാഘാതമേറ്റാൽ തണുത്ത വെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടയ്ക്കണം. ജില്ലാ മൃഗസംരക്ഷണ ഓഫീസർമാരും ക്ഷീരവികസന വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിച്ചു.

Domestic water buffalo in rural village

Related Posts

Leave a Reply