വിജയകരമായ ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നാലെ സൂര്യനെ പഠിക്കാനുള്ള ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്. രാവിലെ 11.50ന് ആദിത്യ എൽ വണ്ണുമായി പിഎസ്എൽവി C57 കുതിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് പിഎസ്എൽവി വിക്ഷേപിക്കുന്നത്. വിക്ഷേപണത്തിനായുള്ള 23 മണിക്കൂറും 40 മിനിറ്റും ദൈർഘ്യമുള്ള കൗണ്ട്ഡൗൺ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം 15 കോടി കിലോമീറ്റർ ആണെങ്കിലും പിഎസ്എൽവി വിക്ഷേപണ വാഹനത്തിൽ ആദിത്യ എൽ വണ്ണിന്റെ യാത്ര ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ്. ലഗ്രാഞ്ച്-എൽ വണ്ണിന് ചുറ്റുുമുള്ള ഹാലോ ഓർബിറ്റിൽ എത്തിക്കുകയാണ് ലക്ഷ്യം. സൂര്യന്റെയും ഭൂമിയുടെ ഗുരുത്വാകർഷണ ബലം ഏകദേശം തുല്യമായി അനുഭവപ്പെടുന്ന ഇടമാണ് ഒന്നാം ലഗ്രാഞ്ച് പോയിന്റ്.
സൗരാന്തരീക്ഷത്തിലെ ബാഹ്യഭാഗത്തെക്കുറിച്ചും (സോളാർ കൊറോണ) സൗര അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനമാണ് ആദിത്യയുടെ ലക്ഷ്യം. സൂര്യനെ നിരീക്ഷിക്കാൻ തദ്ദേശീയമായി നിർമിച്ച ഏഴ് പേലോഡുകളാണ് ആദിത്യയിലുള്ളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിസിന്റെ വിസിബിൾ എമിഷൻ ലൈൻ കൊറോണോഗ്രാഫ്, ഐയൂക്കയുടെ സോളാർ അൾട്രാ വയലറ്റ് ഇമേജിംഗ് ടെലിസ്കോപ്പ്, തിരുവനന്തപുരം സ്പേസ് ഫിസികിസ് ലബോറട്ടറിയുടെ പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ എന്നിവ അതിൽ ചിലതാണ്. ഭൂഭ്രമണപാതയിലെ സഞ്ചാരം വികസിച്ച് നാലുതവണ ഭൂമിയെ വലം ചെയ്യും. അഞ്ചാം തവണ ഭൂഗുരുത്വാകർഷണ വലയം വിട്ട് സൂര്യപാതയിലേക്ക് പേടകം നീങ്ങും. 125 ദിവസം നീളുന്ന ഘട്ടം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് വൺ പോയിൻ്റിൽ പേടകത്തെ എത്തിക്കും. സൂര്യൻ്റെ പുറംഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ, സൗരവാതത്തിൻ്റെ ഫലങ്ങൾ, സൂര്യന്റെ തീവ്ര താപ, കാന്തിക സ്വഭാവങ്ങൾ, സൂര്യൻ്റെ ഉപരിതലഘടന തുടങ്ങിയ നിർണായക പഠനങ്ങളാണ് ദൗത്യത്തിൻ്റെ ലക്ഷ്യം. അഞ്ചുവർഷവും രണ്ടുമാസവുമാണ് ആദിത്യ എൽ വൺ ദൗത്യത്തിൻ്റെ ലക്ഷ്യം.